തീയില്‍ കത്തിയമര്‍ന്ന് കെട്ടിടം; സ്വന്തം ജീവന്‍ പണയപ്പെടുത്തി ഈ യുവാവ് രക്ഷിച്ചത് 10 കുട്ടികളുടെ ജീവന്‍! അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി സൈബര്‍ ലോകം

യാതൊരു സുരക്ഷാ ഉപകരണങ്ങളും കൂടാതെയാണ് ഇദ്ദേഹം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി പുറപ്പെട്ടത്.

സൂററ്റ്: 20 പേര്‍ മരിക്കാന്‍ ഇടയാക്കിയ കോച്ചിംഗ് സെന്ററിലെ തീപിടുത്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെയും നഗരം മുക്തമായിട്ടില്ല. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് കേതന്‍ ജോരാവാദിയ എന്ന യുവാവ് ആണ്. കാരണം മറ്റൊന്നുമല്ല, കെട്ടിടം കത്തിയമരുമ്പോള്‍ ഉള്ളില്‍ കുടുങ്ങി പോയ കുട്ടികളെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിക്കുകയായിരുന്നു ഈ യുവാവ്.

സാധാരണ തീപിടുത്തം എന്ന് കേട്ടപാടെ ഓടിരക്ഷപ്പെടുവാനാണ് പലരും ശ്രമിക്കുക. സ്വന്തം ജീവന്‍ സുരക്ഷിതമാക്കുവാന്‍ ആരായാലും ശ്രമിക്കും എന്നത് വാസ്തവമാണ്. എന്നാല്‍ കേതന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് കുട്ടികളെ രക്ഷിക്കാന്‍ ഇറങ്ങി തിരിച്ചത്.ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയത്.

യാതൊരു സുരക്ഷാ ഉപകരണങ്ങളും കൂടാതെയാണ് ഇദ്ദേഹം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി പുറപ്പെട്ടത്. ”ചുറ്റും പുകയായിരുന്നു, ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയും, എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് സ്വയരക്ഷയ്ക്കായി ഒരു പെണ്‍കുട്ടി കെട്ടിടത്തിനുമുകളില്‍ നിന്നും എടുത്തുചാടുന്ന കാഴ്ച കണ്ടത്. അത് എന്നെ ഒരുപാട് വിഷമിപ്പിച്ചു. ഉടനെ തന്നെ ഒരു ഏണി സംഘടിപ്പിച്ച് കെട്ടിടത്തിനുമുകളിലുണ്ടായിരുന്ന കുട്ടികളെ താഴെയെത്തിച്ചു. പീന്നീട് കെട്ടടത്തിനകത്ത് പെട്ടുപോയ രണ്ട് കുട്ടികളെയും പുറത്തെത്തിച്ചു. തീപിടുത്തമുണ്ടായി 40-45 മിനിട്ടുകള്‍ കഴിഞ്ഞാണ് അഗ്‌നിശമനസേന എത്തിയത്. അത് അപകടത്തിന്റെ ആക്കം കൂട്ടി”- ജോരാവാദിയ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലും പ്രദേശവാസികള്‍ക്കിടയിലും ജോരാവാദിയ ഇപ്പോള്‍ ഹീറോ തന്നെയാണ്. സൈബര്‍ ലോകം ഒന്നടങ്കമാണ് ഇദ്ദേഹത്തെ വാഴ്ത്തുന്നത്. മനുഷ്യത്വം മരവിച്ചിട്ടില്ലെന്നും ആ നന്മയുടെ പേരാണ് കേതന്‍ ജോരാവാദിയ എന്നാണ് സമൂഹമാധ്യമങ്ങളുടെ പക്ഷം.

Exit mobile version