സൂററ്റിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടുത്തം; അന്വേഷണം എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്

തീ പിടുത്തത്തെ തുടര്‍ന്ന് കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ ഭാര്‍ഗവ് ബുധാനിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

അഹമ്മദാബാദ്: സൂററ്റിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിന്റെ അന്വേഷണം എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറി. ക്രൈംബ്രാഞ്ചും ഈ കേസ് അന്വേഷിക്കും. സൂററ്റ് പോലീസ് കമ്മീഷണര്‍ സതീഷ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. തീ പിടുത്തത്തെ തുടര്‍ന്ന് കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ ഭാര്‍ഗവ് ബുധാനിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാതാക്കള്‍ കൂടിയാണ്. ഐപിസി 304, 308 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം കെട്ടിടത്തില്‍ തീ പിടിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഇരുപത് പേരാണ് തീപിടുത്തത്തില്‍ മരിച്ചത്. ഇരുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് കമ്മീഷണര്‍ സതീഷ് ശര്‍മ അറിയിച്ചു.

Exit mobile version