കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള 5000 കോടിയുടെ മാനനഷ്ട കേസ് പിന്‍വലിക്കും; തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ നിര്‍ണ്ണായക നീക്കവുമായി അനില്‍ അംബാനി

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത് തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടായിരുന്നു.

അഹമ്മദാബാദ്: രാജ്യം ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം അറിയുവാന്‍ ശ്രദ്ധ കൂര്‍പ്പിച്ച് ഇരിക്കുകയാണ്. ഫലം പുറത്തുവരാന്‍ ഒരു ദിനം കൂടി മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ നിര്‍ണ്ണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ വ്യവസായിയായ അനില്‍ അംബാനി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള 5000 കോടിയുടെ മാനനഷ്ട കേസാണ് പിന്‍വലിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന് എതിരെയുമാണ് മാനനഷ്ടത്തിന് അഹമ്മദാബാദ് സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ കേസ് കൊടുത്തത്.

ഇപ്പോള്‍ ഇവയെല്ലാം പിന്‍വലിക്കാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ് തീരുമാനിച്ചിരിക്കുകയാണ്. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവും നടത്തിയ പ്രസ്താവനകള്‍ക്കെതിരെയായിരുന്നു അനില്‍ റിലയന്‍സ് ഗ്രൂപ്പ് നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങിയത്. കേസ് പരിഗണിക്കാനിരിക്കുന്ന വേളയിലാണ് റിലയന്‍സ് ഗ്രൂപ്പ് അഭിഭാഷകന്‍ കേസ് പിന്‍വലിക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചത്.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കോണ്‍ഗ്രസ് നേതാക്കളും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത് തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടായിരുന്നു. തെരഞ്ഞെടുപ്പ് മെയ് 19ന് അവസാനിക്കുകയും ചെയ്തു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിക്ക് മുന്നിലാണ്. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടു പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് റിലയന്‍സ് ഗ്രൂപ്പ് പറയുന്നു.

റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് 30000 കോടി രൂപയുടെ ഓഫ്‌സൈറ്റ് കരാര്‍ നല്‍കിയത് വന്‍ വിവാദത്തിലാണ് കലാശിച്ചത്. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനെ മറികടന്നാണ് പ്രവര്‍ത്തന പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. തുടര്‍ന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനില്‍ അംബാനിയുടെ പേര് പരമാര്‍ശിച്ചെങ്കിലും സ്പീക്കര്‍ തടയുകയായിരുന്നു.

Exit mobile version