വോട്ട് ചെയ്തതിന് പിഡിപി പ്രവര്‍ത്തകനായ വൃദ്ധനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു! ആക്രമണം നോമ്പുതുറക്കുന്നതിനിടെ

തീവ്രവാദികളാണ് പിഡിപി പ്രവര്‍ത്തകനായ അറുപത്തഞ്ചുകാരന്റെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

കുല്‍ഗാം: ജമ്മു കാശ്മീരിലെ കുല്‍ഗ്രാം ജില്ലയിലുള്ള സുംഗല്‍പോരയില്‍ പിഡിപി പ്രവര്‍ത്തകനായ വൃദ്ധനെ അക്രമികള്‍ വെടിവെച്ച് കൊന്നു. വീട്ടില്‍ കയറിയാണ് നോമ്പതുറക്കാനിരുന്ന 65കാരനായ ജമ്മാലിനെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനാണ് മുഹമ്മദ് ജമ്മാലിനെ വധിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

തീവ്രവാദികളാണ് പിഡിപി പ്രവര്‍ത്തകനായ അറുപത്തഞ്ചുകാരന്റെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താനാണ് ഭീകരര്‍ അക്രമം നടത്തിയതെന്നുമാണ് പോലീസിന്റെ പക്ഷം. ഏപ്രില്‍ 29-ന് 65 വയസ്സുകാരനായ മുഹമ്മദ് ജമ്മാലിന് അവശത കാരണം വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, കുടുംബത്തിലെ എല്ലാവരും വോട്ട് ചെയ്യാന്‍ പോകണമെന്ന് ജമ്മാല്‍ നിര്‍ബന്ധം പിടിച്ചു.

സുംഗല്‍പോര ഗ്രാമത്തില്‍ അഞ്ഞൂറ് കുടുംബങ്ങളുണ്ട്. ഇവിടെ ആകെ രേഖപ്പെടുത്തിയത് ഏഴ് വോട്ടുകളാണ്. ഇതില്‍ അഞ്ചും മുഹമ്മദ് ജമ്മാലിന്റെ കുടുംബത്തില്‍ നിന്നായിരുന്നു. പോളിംഗിനിടെ പ്രദേശത്ത് അക്രമ സംഭവങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

വീടിന് മുന്നിലെ വരാന്തയിലേക്ക് കയറി തൊട്ടടുത്ത മുറിയില്‍ കിടക്കുകയായിരുന്ന ജമ്മാലിനെ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. അഞ്ച് തവണയാണ് വെടിയുതിര്‍ത്തത്. രണ്ട് ബുള്ളറ്റുകള്‍ അടിവയറ്റിലും രണ്ടെണ്ണം കൈയിലും ഒരെണ്ണം മൂക്കിലും കൊണ്ടു. ജമ്മാല്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. ”ഞങ്ങളോട് ആര്‍ക്കും വിരോധമുണ്ടായിരുന്നില്ല. കൊലപാതകത്തിന് ഒരേയൊരു കാരണം, ഞങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത് മാത്രമാണ്”, ജമാലിന്റെ മരുമകനായ താരിഖ് അഹമ്മദ് ഭട്ട് പറഞ്ഞു. വോട്ട് ചെയ്തവരെ കൊല്ലുമെന്ന് തീവ്രവാദിസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.

Exit mobile version