‘തെറ്റ് ചെയ്‌തെന്ന് തോന്നുന്നില്ല, പിന്നെന്തിന് മാപ്പ് പറയണം’; വിവേക് ഒബ്‌റോയി

എക്സിറ്റ് പോള്‍ ഫലത്തെ ഐശ്വര്യ റായിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തിയാണ് വിവേക് ട്രോള്‍ ട്വീറ്റ് ചെയ്തത്

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ട്വിറ്ററില്‍ പങ്കുവെച്ച ട്രോളിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് മറുപടിയുമായി വിവേക് ഒബ്‌റോയി രംഗത്തെത്തി. എക്സിറ്റ് പോള്‍ ഫലത്തെ ഐശ്വര്യ റായിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തിയാണ് വിവേക് ട്രോള്‍ ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ തന്നോട് മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും എന്നാല്‍ തനിക്ക് തെറ്റ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നും അതിനാല്‍ താന്‍ എന്തിന് മാപ്പ് പറയണമെന്നുമാണ് വിവേക് ഒബ്‌റോയി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചത്.

‘ആളുകള്‍ ഞാന്‍ മാപ്പു പറയണമെന്നാണ് ആവശ്യപ്പെടുന്നത്. ക്ഷമ ചോദിക്കുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷെ ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് പറയൂ. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പു പറയാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഞാന്‍ തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല. എന്താണതില്‍ തെറ്റ്? ആരോ ഒരാള്‍ ഒരു മീം ട്വീറ്റ് ചെയ്തു, ഞാന്‍ അത് കണ്ട് ആസ്വദിച്ചു. ആളുകള്‍ എന്തിനാണ് അത് ഇത്ര വലിയ വിഷയമാക്കുന്നതെന്ന് എനിക്ക് അറിയില്ല. ആരോ എന്നെ കളിയാക്കി കൊണ്ടുള്ള ഒരു മീം എനിക്ക് ഷെയര്‍ ചെയ്തു തന്നു. ഞാന്‍ അത് കണ്ട് ചിരിച്ചു. അത് തയാറാക്കിയ ആളുടെ കഴിവിനെ ഞാന്‍ പ്രശംസിച്ചു.നിങ്ങളെ ആരെങ്കിലും കളിയാക്കിയാല്‍ അതൊരിക്കലും നിങ്ങള്‍ വലിയ വിഷയമാക്കി എടുക്കരുത്. ആ മീമില്‍ ഉള്ളവര്‍ക്ക് ഇതൊരു പ്രശ്നമല്ല, എന്നാല്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്നം. ഒരു പണിയുമില്ലാത്തവരാണ് ഇത് വിഷയമാക്കുന്നത്. അവര്‍ക്ക് എന്റെ ചിത്രങ്ങളെ തടയാന്‍ സാധിക്കുന്നില്ല അതുകൊണ്ടാണ് അവര്‍ ഈ വഴി നോക്കുന്നത്’ വിവേക് പ്രതികരിച്ചു.

ഐശ്വര്യ റായ്, സല്‍മാന്‍ ഖാന്‍, അഭിഷേക് ബച്ചന്‍, ആരാധ്യ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങള്‍ വച്ചുള്ള മീം ആണ് വിവേക് ട്രോള്‍ ട്വീറ്റ് ചെയ്തത്. ഐശ്വര്യ സല്‍മാന്‍ ഖാനൊപ്പം നില്‍ക്കുന്ന ചിത്രത്തെ അഭിപ്രായ സര്‍വേ എന്നും വിവേകുമൊത്തുള്ള ചിത്രത്തെ എക്സിറ്റ് പോള്‍ എന്നും അഭിഷേകിനും മകള്‍ക്കുമൊപ്പമുള്ള ചിത്രത്തെ തെരഞ്ഞെടുപ്പ് ഫലം എന്നും പറഞ്ഞാണ് വിവേക് ട്വീറ്റ് ചെയ്തത്. ‘രാഷ്ട്രീയമില്ല വെറും ജീവിതം മാത്രം’ എന്ന അടിക്കുറിപ്പോടെയാണ് വിവേക് ഒബ്റോയി ട്വിറ്ററില്‍ ട്രോള്‍ പോസ്റ്റ് പങ്കുവെച്ചത്. വിവേകിന്റെ ഈ ട്വീറ്റിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version