തെരഞ്ഞെടുപ്പ് കമ്മീഷനിലെ തര്‍ക്കം തീര്‍ക്കാന്‍ ഒരുങ്ങി മുഖ്യ കമ്മീഷണര്‍; അശോക് ലവാസയ്ക്ക് സുനില്‍ അറോറയുടെ മറുപടിക്കത്ത്

മോഡിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ തര്‍ക്കം തീര്‍ക്കാന്‍ മുഖ്യ കമ്മീഷണര്‍ ഒരുങ്ങുന്നു. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അശോക് ലവാസയ്ക്ക് സുനില്‍ അറോറ കത്തയച്ചു. 2 കത്തുകളാണ് സുനില്‍ അറോറ എഴുതിയത്. ഒപ്പം ലവാസ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ യോഗം ചേരാനും തീരുമാനം ആയി.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും എതിരായ പെരുമാറ്റ ചട്ട ലംഘന പരാതികളില്‍ ഏകപക്ഷീയമായാണ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന് ആരോപിച്ച് അശോക് ലവാസ രംഗത്ത് വന്നിരുന്നു. തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ തുടര്‍ന്നുള്ള യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ലവാസ വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് നിരവധി പരാതികളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി കമ്മീഷനംഗം അശോക് ലവാസയും രംഗത്തെത്തിയത്. ഭരണകക്ഷിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷാപാതപരമായ നിലപാടെടുക്കുന്നുവെന്ന് അശോക് ലവാസ തുറന്നടിച്ചു.

ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തെരഞ്ഞെടുത്തതെന്ന മോഡിയുടെ പരാമര്‍ശത്തിലും പുല്‍വാമയ്ക്ക് തിരിച്ചടി നല്‍കിയവര്‍ക്ക് വോട്ട് നല്‍കണമെന്ന പ്രസ്താവനയിലുമാണ് അശോക് ലവാസ ക്ലീന്‍ചിറ്റ് നല്‍കരുതെന്ന നിലപാട് എടുത്തത്. മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനോടുള്ള തന്റെ വിയോജിപ്പുകള്‍ രേഖയിലാക്കുന്നില്ലെന്ന ഗുരുതര ആരോപണമാണ് ലവാസ ഉന്നയിച്ചത്. തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ ഇനിയുള്ള യോഗങ്ങളില്‍ പങ്കെടുക്കാനില്ലെന്നും ലവാസ നിലപാടെടുത്തു.

ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിഷയത്തില്‍ വിവാദം അനാവശ്യമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞിരുന്നു. ഭിന്നാഭിപ്രായങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ചട്ടപ്രകാരമുള്ള തീരുമാനങ്ങള്‍ അന്തിമമാണെന്നും ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യവും അനവസരത്തിലുള്ളതുമാണെന്നുമായിരുന്നു സുനില്‍ അറോറയുടെ നിലപാട്.

Exit mobile version