‘ഇടതുപക്ഷം ലയണല്‍ മെസിയെ പോലെ എതിരാളികളെ വട്ടം കറക്കി സ്‌കോര്‍ ചെയ്യും’; സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം വിസ്മയകരമായ വിജയം നേടുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡ്രിബ്‌ളിംഗിലൂടെ എതിരാളികളെ വട്ടം കറക്കി സ്‌കോര്‍ ചെയ്യുന്ന ലയണല്‍ മെസിയെ പോലെയായിരിക്കും ഇടതുപക്ഷത്തിന്റെ പ്രകടനമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപിയെ സിപിഎം പിന്തുണയ്ക്കുകയാണ് എന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണത്തെ തള്ളിയാണ് യെച്ചൂരിയുടെ പ്രതികരണം.

ബംഗാളില്‍ സ്വാധീനം നേടാന്‍ ബിജെപിക്കും ആര്‍എസ്എസിനും കഴിഞ്ഞത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെയാണെന്നും യെച്ചൂരി തിരിച്ചടിച്ചു. ബിജെപിയെ സഹായിക്കുന്നുവെന്ന നുണ പ്രചരിപ്പിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ്. ബിജെപിയും തൃണമൂലും തമ്മിലാണ് പോരാട്ടമെന്ന് വരുത്തിതീര്‍ക്കാനാണ് ഇത്തരം നുണ പ്രചാരണമെന്നും യെച്ചൂരി പറഞ്ഞു.

ബംഗാളില്‍ ജനങ്ങളെ സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ അനുവദിച്ചാല്‍ ജനം സിപിഎമ്മിന് വോട്ടുചെയ്യുമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Exit mobile version