‘മോഡിയും അമിത് ഷായും ഇല്ലാത്ത കേന്ദ്രസര്‍ക്കാറിനെ ആം ആദ്മി പിന്തുണയ്ക്കും’; കെജരിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഇല്ലാത്ത കേന്ദ്രസര്‍ക്കാറിനെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് അരവിന്ദ് കെജരിവാള്‍. എഎപിയ്ക്ക് മതിയായ സീറ്റ് ലഭിക്കുകയാണെങ്കില്‍ ഡല്‍ഹിയ്ക്ക് പ്രത്യേക സംസ്ഥാന പദവിയെന്ന നിബന്ധനയിലാകും കേന്ദ്ര സര്‍ക്കാറിനെ പിന്തുണയ്ക്കുകയെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഡല്‍ഹിയില്‍ മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.സത്യത്തില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുവരെ ഏഴ് സീറ്റും ആം ആദ്മിയ്ക്ക് ലഭിക്കുന്ന സാഹചര്യമായിരുന്നു. അവസാന നിമിഷം മുസ്ലീം വോട്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസിലേക്കു പോയി. 12-13% വരുന്ന മുഴുവന്‍ വോട്ടുകളും പോയെന്നും, എന്താണ് സംഭവിച്ചതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കെജരിവാള്‍ വ്യക്തമാക്കി.

‘ഇവിഎമ്മുകള്‍ അട്ടിമറിച്ചില്ലെങ്കില്‍ മോഡിജി തിരിച്ചുവരില്ലെന്നും കെജരിവാള്‍ പറഞ്ഞു. പക്ഷേ അത് നടന്നോ ഇല്ലയോയെന്ന് എനിക്ക് അറിയില്ലെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version