ഗോഡ്‌സെയെ പിടികൂടാന്‍ സഹായിച്ച രഘുനായിക്കിന്റെ വിധവയ്ക്ക് അഞ്ച് ലക്ഷം പ്രഖ്യാപിച്ച് നവീന്‍ പട്‌നായിക്! നടപടി കമല്‍ഹാസന്റെ പരാമര്‍ശം കത്തി നില്‍ക്കെ!

സ്വതന്ത്ര ഭാരതത്തിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്‌സെ ആയിരുന്നുവെന്നായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.

ഭുവനേശ്വര്‍: ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ പിടികൂടാന്‍ സഹായിച്ച രഘുനായിക്കിന്റെ വിധവയ്ക്ക് അഞ്ച് ലക്ഷം സഹായധനം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. മക്കള്‍ നീതി മയ്യം സ്ഥാപക നേതാവും സിനിമാ താരവുമായ കമല്‍ഹാസന്റെ പരാമര്‍ശം കത്തി നില്‍ക്കെയാണ് നവീന്‍ പട്‌നായികിന്റെ നിര്‍ണ്ണായക നീക്കം.

സ്വതന്ത്ര ഭാരതത്തിലെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോഡ്‌സെ ആയിരുന്നുവെന്നായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം. ഈ വാക്കുകള്‍ വലിയ വിവാദത്തിലാണ് കലാശിച്ചത്. അദ്ദേഹത്തിനു നേരെ വന്‍ പ്രതിഷേധവും ബിജെപി സംഘപരിവാര്‍ നടത്തിയിരുന്നു. ചെരുപ്പേറ്, ചീമുട്ടയേറ് തുടങ്ങിയ പ്രതിഷേധങ്ങളാണ് ബിജെപി നടത്തിയത്. ഇതിനു പിന്നാലെയാണ് അദ്ദേഹം സഹായധനം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി രംഗത്തെത്തിയത്. രഘു നായകിന്റെ ഭാര്യ മണ്ഡോദരി നായകിനാണ് നവീന്‍ പട്‌നായിക് അഞ്ച് ലക്ഷം അനുവദിച്ചത്.

ഡല്‍ഹിയിലെ ബിര്‍ല ഹൗസിലെ പൂന്തോട്ട ജോലിക്കാരനായിരുന്നു രഘുനായിക്. 1948 ജനുവരി 30ന് ഗാന്ധിയെ വെടിവച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഗോഡ്‌സെയെ പിടികൂടിയത് രഘുനായിക്കായിരുന്നു. ഗാന്ധി ബിര്‍ല ഹൗസില്‍ താമസിച്ച അവസാന കാലത്ത് അദ്ദേഹത്തിന് സ്ഥിരമായി ആട്ടിന്‍ പാല്‍ നല്‍കിയത് തന്റെ ഭര്‍ത്താവായിരുന്നെന്ന് മണ്ഡോദരി പറയുന്നു. ഗാന്ധിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളില്‍ രഘു നായിക്കിന്റെ പേര് ഒട്ടേറെ തവണ പരാമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ നവീന്‍ പട്‌നായികിന്റെ നടപടിക്ക് സമൂഹമാധ്യമങ്ങളും പിന്തുണ നല്‍കി രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version