പോലീസെന്നാല്‍ ഭയമെന്തിന്? ഭിന്നശേഷിക്കാരനായ കുഞ്ഞിന് ചോറ് വാരിക്കൊടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍; നിറകൈയ്യടിയുമായി സോഷ്യല്‍മീഡിയ; വൈറലായി വീഡിയോ

പങ്കുവെച്ച വീഡിയോയില്‍ ഭിന്നശേഷിക്കാരനായ ഒരു കുട്ടിയെ ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്ന ഒരു പോലീസുകാരനെയാണ് കാണാനാവുക

ശ്രീനഗര്‍: ഇക്കാലത്ത് പോലീസ് എന്ന് കേട്ടാല്‍ കപ്പടാ മീശയൊക്കെയുള്ള വില്ലന്‍ പരിവേഷമുള്ള ഒരു കൂട്ടമാണ് എന്ന സങ്കല്‍പ്പമൊന്നും ആര്‍ക്കുമില്ല. പോലീസ് സമൂഹത്തിനൊപ്പം നില്‍ക്കുന്ന നന്മ നിറഞ്ഞവരാണെന്ന് നിരവധി സംഭവങ്ങളിലൂടെ സാധാരണക്കാര്‍ക്കും ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോ പോലീസിന്റെ സത്‌പേരിനെ ഒന്നുകൂടി ഉയര്‍ത്തിയിരിക്കുന്നത്. ഒരു പോലീസുകാരന്‍ ചെയ്ത നന്മ നിറഞ്ഞ പ്രവര്‍ത്തിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ജമ്മു കാശ്മീര്‍ പോലീസിലെ ഉദ്യോഗസ്ഥനാണ് ഈ വീഡിയോയയില്‍ കാണുന്നതെന്ന് അവരുടെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കുന്നുണ്ട്.

പങ്കുവെച്ച വീഡിയോയില്‍ ഭിന്നശേഷിക്കാരനായ ഒരു കുട്ടിയെ ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്ന ഒരു പോലീസുകാരനെയാണ് കാണാനാവുക. ജമ്മു കശ്മീര്‍ പോലീസ് തിങ്കളാഴ്ചയാണ് വീഡിയോ പുറത്തുവിട്ടത്. കുട്ടിയ്ക്ക് പാത്രത്തില്‍ നിന്ന് ഭക്ഷണം എടുത്ത് വായില്‍ വെച്ചു കൊടുക്കുകയും കുട്ടിയുടെ കവിളില്‍ പറ്റിയ ഭക്ഷണം മറ്റേ കൈ കൊണ്ട് തുടച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് ഈ പോലീസുകാരന്‍. ഇടയ്ക്ക് ഗ്ലാസില്‍ വെള്ളമെടുത്ത് കുട്ടിക്ക് കുടിക്കാന്‍ നല്‍കുന്നതും വീഡിയോയിലുണ്ട്.

വീഡിയോ കണ്ടനവരെല്ലാം കാശ്മീര്‍ പോലീസിന് അഭിനന്ദനമറിയിക്കുകയാണ്. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി പോലീസുകാരന്റെ പ്രവര്‍ത്തി സ്നേഹവും മനുഷ്യത്വവും നിറഞ്ഞതാണെന്ന് ട്വിറ്ററിലൂടെ പ്രകീര്‍ത്തിച്ചു.

Exit mobile version