ഇനി മുതല്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ സേവനം രാജസ്ഥാന്‍ വ്യോമതാവളത്തില്‍

ഇന്ത്യന്‍ വ്യോമസേന അഭിനന്ദന്റെ പോസ്റ്റിങ്ങിനെ കുറിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല.

ജയ്പുര്‍: പാകിസ്താന്‍ സൈന്യത്തിന്റെ പിടിയില്‍ നിന്നും മോചിതനായ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ സേവനം ഇനി രാജസ്ഥാനിലെ സുരത്ഗഢ് വ്യോമതാവളത്തില്‍. ശനിയാഴ്ച വര്‍ദ്ധമാന്‍ ജോലിയില്‍ പ്രവേശിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇന്ത്യന്‍ വ്യോമസേന അഭിനന്ദന്റെ പോസ്റ്റിങ്ങിനെ കുറിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. എല്ലാ പ്രതിരോധ നിയമനങ്ങളും രഹസ്യസ്വഭാവമുള്ളതാണെന്നും സ്ഥിരീകരിക്കാന്‍ സാധിക്കുന്ന ഒരു വിവരം അഭിനന്ദന്‍ രാജസ്ഥാനില്‍ നിയമിതനായെന്നുമാണ്. മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്താനാകില്ലെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

ഫെബ്രുവരി പതിനാലിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനം പാകിസ്താന്‍ വെടിവെച്ചിടുകയായിരുന്നു. തുടര്‍ന്ന് അറുപതു മണിക്കൂര്‍ പാകിസ്താന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ അഭിനന്ദനെ മാര്‍ച്ച് ഒന്നിന് വിട്ടയക്കുകയായിരുന്നു.

Exit mobile version