ഒരേ ട്രാക്കില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മധുരയിലേക്കും ചെങ്കോട്ടയിലേക്കും പോകുകയായിരുന്ന ട്രെയിനുകളാണ് ഒരേ ട്രാക്കില്‍ നേര്‍ക്കുനേര്‍ എത്തിയത്.

മധുര: സിഗ്‌നല്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരേ ട്രാക്കില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ എത്തിയത് പരിഭ്രാന്തി പരത്തി. മധുരയിലേക്കും ചെങ്കോട്ടയിലേക്കും പോകുകയായിരുന്ന ട്രെയിനുകളാണ് ഒരേ ട്രാക്കില്‍ നേര്‍ക്കുനേര്‍ എത്തിയത്. വ്യാഴാഴ്ച മധുരയിലെ തിരുമംഗലം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.

10 കിലോമീറ്റര്‍ അകലെയാണ് രണ്ട് ട്രെയിനുകള്‍ ഉണ്ടായിരുന്നത്. രണ്ട് മിനിറ്റ് വ്യത്യാസത്തിലാണ് വന്‍ദുരന്തം ഒഴിവായത്. കൃത്യമായ സിഗ്‌നല്‍ നല്‍കുന്നതില്‍ തിരുമംഗലം റെയില്‍വെ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതാണ് സംഭവത്തിന് കാരണമായത്.

തിരുമംഗലം, കല്ലിഗുഡി സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ തമ്മില്‍ കൃത്യമായ ആശയവിനിമയം നടത്താത്തതും ട്രെയിനുകള്‍ നേര്‍ക്കുനേര്‍ എത്തുന്നതിന് കാരണമായി. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ വിആര്‍ലെനിന്‍ രംഗത്തെത്തി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റെയില്‍വെ നടപടിയെടുത്തു. രണ്ട് സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പടെ മൂന്ന് പേരെ ദക്ഷിണ റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തു. ഒരേ ട്രാക്കില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ എത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ദക്ഷിണ റെയില്‍വെ അറിയിച്ചു.

Exit mobile version