പണം കവറിലാക്കി കൈയ്യില്‍ വെച്ച് കൊടുത്ത് ബിജെപി; പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകര്‍, നേതൃത്വത്തെ കുരുക്കി വീഡിയോ പുറത്ത്

ജമ്മു കാശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയും പണം കൈമാറാനായി എംഎല്‍എയുടെ ഒപ്പം ഉണ്ടായിരുന്നു.

ലഡാക്ക്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ ബിജെപിയെ വെട്ടിലാക്കി പുതിയ വീഡിയോ പുറത്ത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കാശ്മീരില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍. വാര്‍ത്താ സമ്മേളനത്തിനിടെ ബിജെപി എംഎല്‍എ വിക്രം റന്ധാവ കവറുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ജമ്മു കാശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയും പണം കൈമാറാനായി എംഎല്‍എയുടെ ഒപ്പം ഉണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ സംഘടന തന്നെയാണ് ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചത് വെളിപ്പെടുത്തിയത്. അതേസമയം ആരോപണം ബിജെപി നേതൃത്വം നിഷേധിക്കുന്നുണ്ട്. പ്രസ് ക്ലബിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും നേതൃത്വം അറിയിക്കുന്നുണ്ട്. നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി നേതാക്കള്‍ പണമടങ്ങിയ കവര്‍ കൈമാറുകയായിരുന്നവെന്ന് റിന്‍ചന്‍ അഗ്മോ എന്ന മാധ്യമപ്രവര്‍ത്തകയാണ് ആദ്യം തുറന്നുപറഞ്ഞത്.

‘ഹാളിനകത്ത് വെച്ച് അവര്‍ ഒരു കവര്‍ തന്നു. അവിടെ വെച്ച് കവര്‍ തുറന്ന് നോക്കരുതെന്ന് അവര്‍ പറയുകയും ചെയ്തു. എന്നാല്‍ ആകാംക്ഷ തോന്നി തുറന്നു നോക്കി. അഞ്ഞൂറിന്റെ കുറേ നോട്ടുകളായിരുന്നു അതില്‍. ഞാന്‍ അപ്പോള്‍ തന്നെ അത് അദ്ദേഹത്തിന് തിരിച്ചുകൊടുത്തു. എന്നാല്‍ അദ്ദേഹം അത് വാങ്ങാന്‍ തയ്യാറായില്ല. ഇതോടെ കവര്‍ മേശപ്പുറത്ത് തന്നെ വെച്ച് ഞാന്‍ ഇറങ്ങി..’ മാധ്യമപ്രവര്‍ത്തക പറയുന്നു.

പണം തന്ന് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് വഴി തങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്നും ആരും ബിജെപി സമ്മാനിച്ച പണം സ്വീകരിച്ചില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പെരുമാറ്റച്ചട്ടലംഘനത്തിന് ബിജെപി നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും ഇതിനോടകം ശക്തമായിട്ടുണ്ട്. വിഷയത്തില്‍ ലേ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണര്‍ അവ്ന ലവാസയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടണ്ട്.

Exit mobile version