പൊരിവെയിലില്‍ നില്‍പ്പ്, കുടിവെള്ളം ചോദിച്ചപ്പോള്‍ നല്‍കിയത് റോഡരികിലെ മലിനജലം; രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേരളാ പോലീസിന് നരകയാതന

കേരളത്തില്‍ നിന്ന് അഞ്ഞൂറിലേറെ പോലീസുകാരെയാണ് ആഴ്ചകളായി ഇതരസംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് സുരക്ഷാ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്

ജയ്പൂര്‍: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ കേരളാ പോലീസിന് നരകയാതന. പൊരിവെയിലത്ത് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം പോലും ഇല്ല എന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. പലരും പല അസുഖങ്ങളും ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലാണ്. എട്ടു ദിവസത്തോളമായി പോലീസ് ഉദ്യോഗസ്ഥര്‍ ഇവിടെ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട്.

പൊരിവെയിലത്ത് നിന്ന് ദാഹിച്ച് വലഞ്ഞ് വെള്ളം ചോദിച്ചപ്പോള്‍ നല്‍കിയത് റോഡിലെ മലിനജലമായിരുന്നു. ഇങ്ങനെ നീളുന്നു പോലീസ് ഉദ്യോഗസ്ഥരുടെ ദുരിതങ്ങള്‍. പൊരിവെയിലില്‍ നിരന്തരം റൂട്ട് മാര്‍ച്ച് നടത്തേണ്ടി വരുന്നുണ്ട്. പല ഉദ്യോഗസ്ഥര്‍ക്ക് സൂര്യാതപം ഏറ്റിട്ടുണ്ട്. പലരും ചികിത്സയിലാണ്. നിരവധി പേര്‍ കുഴഞ്ഞു വീണു. മറ്റു ചിലര്‍ക്ക് മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനിയും ബാധിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് അഞ്ഞൂറിലേറെ പോലീസുകാരെയാണ് ആഴ്ചകളായി ഇതരസംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് സുരക്ഷാ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ ഒരു പോലീസുകാരനെ വിമാനത്തില്‍ നാട്ടിലേക്ക് അയച്ചെങ്കിലും മറ്റുള്ളവരുടെ ദുരിതാ അവസ്ഥ തുടരുകയാണ്. യാതൊരു സൗകര്യവുമില്ലാത്ത സ്‌കൂളുകളിലാണ് പോലീസുകാരുടെ താമസം.

Exit mobile version