ഫോനി ഭീതിയില്‍ ഒഡീഷ; തീരദേശത്ത് നിന്ന് എട്ട് ലക്ഷം പേരെ ഇന്ന് ഒഴിപ്പിക്കും

അതേസമയം കേരളത്തില്‍ ഫോനി ചുഴലിക്കാറ്റിന്റെ ഭാഗമായി ഇന്ന് മഴ ലഭിച്ചേക്കുമെന്നാണ് വിവരങ്ങള്‍

ഭുവനേശ്വര്‍: ഫോനി ഭീതിയില്‍ കഴിയുകയാണ് ഒഡീഷ. സംസ്ഥാനത്തെ 19 ജില്ലകളിലും ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഫോനി ചുഴലിക്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് തീരദേശങ്ങളിലുള്ള ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഇന്ന് വൈകുന്നേരത്തെ എട്ടുലക്ഷത്തോളം പേരെ ഒഴിപ്പിക്കാനാണ് തീരുമാനം.

ഫോനി കഴിഞ്ഞ ആറുമണിക്കൂറായി 15 കിലോ മീറ്റര്‍ വേഗതയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്ക് കിഴക്കന്‍ തീരത്തേക്ക് നീങ്ങുന്നുവെന്നാണ് അറിയിപ്പ്. ഒഡീഷയിലെ ഗോപാല്‍പൂര്‍, ചന്ദ്ബാലി എന്നിവക്ക് ഇടക്ക് തീരംതൊടുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. മെയ് മൂന്നിന് കാറ്റിന്റെ വേഗത മണിക്കൂറില്‍ 200 കിമീ ആയിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം ഫോനി ഭീതിയില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ വേണ്ടി എയര്‍ഫോഴ്‌സ്, നേവി എന്നിവക്കൊപ്പം ദേശീയ ദുരന്ത നിവാരണസേനയേയും നിയോഗിച്ചുണ്ട്. 900ത്തിലേറെ പുനരധിവാസ ക്യാമ്പുകള്‍ ഒഡീഷയില്‍ തുറന്നിട്ടുണ്ട്. അതേസമയം കേരളത്തില്‍ ഫോനി ചുഴലിക്കാറ്റിന്റെ ഭാഗമായി ഇന്ന് മഴ ലഭിച്ചേക്കുമെന്നാണ് വിവരങ്ങള്‍.

Exit mobile version