രാഹുല്‍ ഗാന്ധിയുടെ പൗരത്വം, മതം ഏത്.? ചോദ്യം ഉയര്‍ത്തിയ ബിജെപിക്ക് മറുപടി കിട്ടി; ആ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായത് ഇവിടം, ഹോളി ഫാമിലി ആശുപത്രി

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെ കുറിച്ച് ബിജെപിക്ക് സംശയമുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ പൗരത്വവും മതവും അറിഞ്ഞേ മതിയാകൂ എന്ന് ബിജെപി വാശിപിടിക്കുമ്പോള്‍ അത് തെളിയിക്കേണ്ടത് കോണ്‍ഗ്രസിന്റെ ബാധ്യതയാണ്. എന്നാല്‍ ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിക്ക് പറയാനുള്ളതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

രാഹുലും പ്രിയങ്കയും ജനിച്ചത് ഇതേ ആശുപത്രിയിലാണ്. അത് ഒരു ചരിത്രമുഹൂര്‍ത്തമായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ ഇന്ന് പറയുന്നു. ഇരുവരുടെയും ജനനരേഖകള്‍ ഇന്നും നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് ഹോളിഫാമിലി ആശുപത്രി. 1970 ജൂണ്‍ 19, ഉച്ചയ്ക്ക് 2.28ന് ഡല്‍ഹി ഹോളിഫാമിലി ആശുപത്രിയില്‍ ഒരു വിഐപി കുഞ്ഞ് ജനിച്ചു. ആശുപത്രി റെക്കോഡില്‍ കുഞ്ഞിന്റെ പേര് ബേബി ഓഫ് സോണിയാഗാന്ധി. കുഞ്ഞു രാഹുലിന്റെ ജനനവിവരങ്ങള്‍ ആശുപത്രിയുടെ രേഖകളില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്.

ചില സുപ്രധാന വിവരങ്ങളും അതില്‍ ചേര്‍ത്തിട്ടുണ്ട്. മതം ഹിന്ദുവെന്നും ഇന്ത്യന്‍ പൗരനെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കൊച്ചുമകനെ കാണാന്‍ മുത്തശ്ശിയും പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി അന്ന് ഓടിയെത്തിയിരുന്നു. ഡല്‍ഹി അതിരൂപതയ്ക്ക് കീഴിലുള്ള ഇതേ ആശുപത്രിയിലാണ് പതിനെട്ടു മാസത്തിന് ശേഷം 1972 ജനുവരി 12ന് പ്രിയങ്കയും ജനിച്ചത്. പൗരത്വവിവാദം കത്തിനില്‍ക്കുമ്പോള്‍ രാഹുല്‍ ജനിച്ച ഹോളി ഫാമിലി ആശുപത്രിയിലെ രേഖകള്‍, ബിജെപിയുടെ ഒന്നിലേറെ ആരോപണങ്ങള്‍ക്കാണ് മറുപടി നല്‍കുന്നത്.

Exit mobile version