40 എംഎല്‍എമാരെ ബിജെപി പാളയത്തില്‍ എത്തിക്കുമെന്ന വാദം കള്ളപ്പണത്തിന്റെ കരുത്തില്‍; 72 വര്‍ഷത്തേക്ക് മോഡിയെ വിലക്കണം; രോഷത്തോടെ അഖിലേഷ് യാദവ്

മോഡിയുടെ പ്രസംഗം രാജ്യത്തിന് തന്നെ അപമാനമാണ്.

ലഖ്‌നൗ: 40 തൃണമൂല്‍ എംഎല്‍എമാരെ ബിജെപി പാളയത്തില്‍ എത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാദത്തിനെതിരെ രോഷത്തോടെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കള്ളപ്പണത്തിന്റെ കരുത്തിലാണ് ആ പ്രസ്താവനയെന്ന് അഖിലേഷ് തുറന്നടിച്ചു. മോഡിക്ക് 125 കോടി ജനങ്ങളിലുള്ള വിശ്വാസം നഷ്ടമായെന്നും അതുകൊണ്ടാണ് അധാര്‍മികമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

നരേന്ദ്ര മോഡിയെ 72 വര്‍ഷത്തേക്ക് വിലക്കണമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവാദ പ്രസംഗം നടത്തിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പഞ്ചാബ് മന്ത്രി നവജോത് സിംഗ് സിദ്ദുവിനെയും 72 മണിക്കൂര്‍ വിലക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേഷിന്റെ വാക്കുകള്‍. മോഡിയുടെ പ്രസംഗം രാജ്യത്തിന് തന്നെ അപമാനമാണ്. വികസനത്തെക്കുറിച്ച് മോഡി പറയുന്നു. എന്നാല്‍ മോഡിയുടെ ലജ്ജാകരമായ പ്രസംഗം നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നും അഖിലേഷ് ചോദിക്കുന്നു.

സെരംപൂറില്‍ നടന്ന റാലിയിലാണ് എംഎല്‍എമാരെ കൂറുമാറ്റുമെന്ന് മോഡി അവകാശപ്പെട്ടത്. ‘ദീദീ 23ാം തീയതി വോട്ടെണ്ണുന്ന ദിവസം എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെ വിട്ട് ഓടും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നു.’ മോഡി പറയുന്നു. ഇതിനെതിരെയാണ് അഖിലേഷ് യാദവ് രംഗത്തെത്തിയത്.

Exit mobile version