വില്ലുപാട്ടിനെ പ്രശസ്തിയുടെ കൊടുമുടിയില്ലെത്തിച്ചു, ആദരത്തിനും സഹായത്തിനുമായി കാത്തുനിന്നു, ആരും കനിഞ്ഞില്ല; ഒടുക്കം പൂങ്കനിയമ്മ യാത്രയായി

കന്യാകുമാരി: രാജ്യത്തെ ഏറ്റവും പ്രായംചെന്ന വില്ലുപാട്ട് കലാകാരി പൂങ്കനി അമ്മ (84) ഇനി ഓര്‍മ്മ. യക്ഷിയമ്പലങ്ങളിലെയും മാടന്‍തറകളിലെ ദേവതകളെയും പ്രീതിപ്പെടുത്തുന്നതിലായി രൂപമെടുത്ത അനുഷ്ഠാന കലയായ വില്ലുപാട്ടിനെ പ്രശസ്തിയുടെ കൊടുമുടിയില്ലെത്തിച്ചയാളാണ് പൂങ്കനി അമ്മ. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൊട്ടാരം ഗ്രാമത്തിലെ വീട്ടില്‍ വെച്ച് വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.

പ്രശസ്ത റാപ്പ് ഗായിക ലേഡി കഷ്, പൂങ്കനി അമ്മയ്ക്കുവേണ്ടി ഒരുക്കിയ ‘വില്ലുപാട്ട്’ എന്ന് ആല്‍ബത്തിലൂടെയാണ് പൂങ്കനി അമ്മയെ ആളുകള്‍ അറിയാന്‍ തുടങ്ങിയത്. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വില്ലുപാട്ടിനെ ഒരുകാലത്ത് പരിശീലിച്ചിരുന്ന പൂങ്കനി അമ്മയെ സര്‍ക്കാരോ അധികൃതരോ വേണ്ടവിധം പരിഗണിച്ചിരുന്നില്ല. വില്ലുപാട്ട് കലാകാരനായിരുന്ന ഭര്‍ത്താവ് മരിച്ചതോടെ തീര്‍ത്തും ഒറ്റപ്പെട്ട അമ്മയ്ക്ക് അയല്‍ക്കാരായിരുന്നു ഏക ആശ്രയം. സര്‍ക്കാരില്‍നിന്നും ലഭിക്കുന്ന തുച്ഛമായ പെന്‍ഷന്‍കൊണ്ട് ജീവിക്കുക അസാധ്യമായിരുന്നു. വില്ലുപാട്ടിനെ പ്രശസ്തിയുടെ കൊടുമുടിയില്ലെത്തിച്ച സര്‍ക്കാര്‍ ഒരു അവാര്‍ഡ് പോലും നല്‍കി അമ്മയെ ആദരിച്ചിരുന്നില്ല.

പാട്ടുകളിലൂടെ കഥ പറയുന്ന കലാരൂപമാണ് വില്ലുപാട്ട്. കേരളത്തിലെ തെക്കന്‍ തിരുവിതാംകൂറില്‍ രൂപംകൊണ്ട വില്ലുപാട്ട് കന്യാകുമാരിയിലെ ചിലയിടങ്ങളിലും വ്യാപകമായി പരിശീലിച്ചിരുന്നു. സംഗീത ഉപകരണമായ വില്ലാണ് വില്ലുപാട്ടില്‍ ഉപയോഗിക്കുന്ന പ്രധാന ഉപകരണം. പണ്ടുകാലത്ത് വളരെ പ്രശസ്തമായ ഈ കാലാരൂപം പിന്നീട് നശിക്കാന്‍ തുടങ്ങി. പുതിയ തലമുറ വില്ലുപാട്ട് പരിശീലിക്കുന്നതില്‍നിന്നും പിന്നോട്ട് വലിഞ്ഞതും ഇതിനൊരു കാരണമാണ്.

പൂങ്കനി അമ്മ തന്റെ പത്താമത്തെ വയസ്സിലാണ് വില്ലുപാട്ട് പരിശീലിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് നിരവധി വേദികളില്‍ വില്ലുപാട്ട് അവതരിപ്പിച്ചു. 70-ാം വയസ്സിലാണ് അവസാനമായി അമ്മ വില്ലുപാട്ട് അവതരിപ്പിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ കഷ്ടത അനുഭവിക്കുന്ന തന്നെ സഹായിക്കാന്‍ ആരും ഇല്ലെന്നും അതിനാല്‍ വില്ലുപാട്ട് അവതരിപ്പിക്കുന്നത് നിര്‍ത്തുകയാണെന്ന് ടിഎന്‍എം നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Exit mobile version