നാമനിര്‍ദേശ പത്രിക തയ്യാറാക്കി, വാരണാസിയില്‍ മത്സരിക്കണം; പരോള്‍ ആവശ്യപ്പെട്ട് അധോലോക നേതാവ് കോടതിയില്‍

അലഹബാദിലെ നയ്നി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആതിഖ് അഹമ്മദ് 26 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

ലഖ്നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്ന് മത്സരിക്കുന്നതിന് പരോള്‍ തേടി അധോലോക നേതാവും മുന്‍ എംപി കൂടിയായ ആതിഖ് അഹമ്മദ്. പ്രത്യേക കോടതിയിലാണ് ആതിഖ് പരോള്‍ തേടിയിരിക്കുന്നത്, ആതിഖ് അഹമ്മദിന്റെ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. വാരണാസിയില്‍ മത്സരിക്കുന്നതിനു മുന്നോടിയായി നാമനിര്‍ദേശ പത്രിക തയ്യാറാക്കിയതായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

അലഹബാദിലെ നയ്നി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആതിഖ് അഹമ്മദ് 26 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ജയിലിലായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരോളിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. പ്രചാരണം നടത്തുന്നതിന് ജയിലില്‍ നിന്ന് പുറത്തുപോകുന്നതിന് ഹ്രസ്വകാല പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആതിഖ് അഹമ്മദ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ശിവപാല്‍ സിങ് യാദവിന്റെ നേതൃത്വത്തിലുള്ള പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി (ലോഹ്യ)യുടെ സ്ഥാനാര്‍ത്ഥിയായാണ് അതിഖ് അഹമ്മദ് മത്സരിക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന ജറല്‍ സെക്രട്ടറി ലല്ലന്‍ റായ് വ്യക്തമാക്കി.

Exit mobile version