സ്തനാര്‍ബുദത്തിന് ചികിത്സയിലായിരുന്നു, ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്, ഗോമൂത്രം കുടിച്ചിട്ടല്ല കാന്‍സര്‍ മാറിയത്; പ്രജ്ഞ സിങിന്റെ വാദം തള്ളി ഡോക്ടര്‍മാര്‍

2008-ലാണ് പ്രജ്ഞ സിങിനെ ആദ്യമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.

ലഖ്‌നൗ: ‘ഗോമൂത്രം കുടിച്ചാണ് കാന്‍സര്‍ മാറിയത്’ അടുത്തിടെ ഏറെ ചര്‍ച്ചയ്ക്ക് വഴി വെച്ച ഒന്നാണ് ഭോപ്പാലിലെ ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായ സാധ്വി പ്രജ്ഞ സിങിന്റെ ഈ വാദം. ശാസ്ത്രത്തെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു നേതാവിന്റെ പ്രസ്താവന. എന്നാല്‍ ഈ വാദത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍മാര്‍. രാം മോഹന്‍ ലോഹിയ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാര്‍ഡിയോത്തോറാസിക്ക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജന്‍ ഡോ. എസ്എസ് രജ്പുത് ആണ് പ്രജ്ഞ സിങിന്റെ വാദത്തെ തള്ളി രംഗത്തെത്തിയത്.

പ്രജ്ഞ സിങ് സ്തനാര്‍ബുദത്തിന് ചികിത്സയിലായിരുന്നുവെന്നും ചികിത്സയുടെ ഭാഗമായി അവരുടെ സ്തനങ്ങള്‍ നീക്കം ചെയ്തതുമാണെന്നും ഡോ. എസ്എസ് രജ്പുത് വെളിപ്പെടുത്തി. സ്തനാര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് പ്രജ്ഞ സിങിനെ മൂന്ന് തവണയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുള്ളതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. പ്രാരംഭഘട്ടത്തില്‍ തന്നെ വളരെ സങ്കീര്‍ണ്ണമായതിനാല്‍ ചികിത്സ പെട്ടെന്ന് ആരംഭിക്കുകയായിരുന്നുവെന്നും ശരീരത്തെ കാര്‍ന്ന് തിന്നുന്ന അര്‍ബുദം വീണ്ടും പിടിപ്പെടുന്നത് തടയുന്നതിനാണ് സ്തനങ്ങള്‍ നീക്കം ചെയ്തതെന്നും ഡോ. രജ്പുത് കൂട്ടിച്ചേര്‍ത്തു.

2008-ലാണ് പ്രജ്ഞ സിങിനെ ആദ്യമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. വലത് സ്തനത്തിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്നായിരുന്നു അത്. മുംബൈയിലെ ജെജെ ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ആ സമയത്ത്, അര്‍ബുദം മുഴുവനായും മാറിയിരുന്നോ എന്ന് നിര്‍ണ്ണയിച്ചിരുന്നില്ല. ശേഷം 2012-ല്‍ ഇടത് സ്തനത്തിനും അര്‍ബുദം ബാധിക്കുകയായിരുന്നു. തുടര്‍ന്ന് ഭോപ്പാലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ച് വീണ്ടും പ്രജ്ഞ സിങിനെ ശസ്ത്രക്രിയക്ക് വിധേയയാക്കി. അതിനുശേഷം വിദഗ്ധ പരിശോധനയ്ക്കായി അര്‍ബുദത്തിന്റെ സാമ്പിളുകള്‍ മുംബൈയിലെ ഒരു ലാബിലേക്ക് അയച്ചു. പിന്നീട് പരിശോധനഫലം പുറത്ത് വന്നപ്പോഴാണ് അര്‍ബുദത്തിന്റെ ഒന്നാംഘട്ടത്തിലാണെന്നും വളരെ സങ്കീര്‍ണ്ണമാണെന്നും കണ്ടെത്തിയത്. ഡോക്ടര്‍ രജ്പുത് ദേശീയ മാധ്യമത്തോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

പ്രജ്ഞ സിങിന്റെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള എല്ലാ റിപ്പോര്‍ട്ടുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017-ല്‍ മാലേഗാവ് സ്ഫോടന കേസില്‍ ജാമ്യം ലഭിച്ചപ്പോഴാണ് പ്രജ്ഞ സിങിനെ ലഖ്‌നൗവിലെ രാം മോഹന്‍ ലോഹിയ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. അന്ന് ശസ്ത്രക്രിയയിലൂടെ അവരുടെ സ്തനങ്ങള്‍ നീക്കം ചെയ്തു. കീമോതെറാപ്പിക്കും റേഡിയേഷനുമൊക്കെ വിധേയയായിട്ടും ഗോമൂത്രം കൊണ്ട് ചികിത്സിച്ചതിന് ശേഷമാണ് തന്റെ സ്തനാര്‍ബുദം സുഖപ്പെട്ടതെന്ന വാദത്തെ പൂര്‍ണ്ണമായും തള്ളുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version