‘ബിജെപിക്ക് പറ്റിയ ആരോഗ്യമന്ത്രിയെ കിട്ടി’; പ്രജ്ഞാ സിംഗിന്റെ ഗോമൂത്ര ചികിത്സ പരാമര്‍ശത്തില്‍ ബിജെപിയെ പരിഹസിച്ച് അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: ഗോമൂത്ര ചികിത്സയിലൂടെ അര്‍ബുദം മാറിയെന്ന ബിജെപി നേതാവ് സാധ്വി പ്രജ്ഞാ സിംഗ് താക്കൂറിന്റെ പരാമര്‍ശത്തില്‍ ബിജെപിയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബിജെപിക്ക് ആരോഗ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ഥിയെ ലഭിച്ചെന്നായിരുന്നു
ഒവൈസി പരിഹസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പരിഹാസം.

‘നോക്കൂ, ബിജെപി അവരുടെ ആരോഗ്യമന്ത്രാലയത്തിലേക്കുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തിക്കഴിഞ്ഞു. അഡീഷണല്‍ ചാര്‍ജ്ജായി ശാസ്ത്ര സാങ്കേതിക വകുപ്പ് കൂടി ഏല്‍പ്പിക്കാം. നിര്‍ഭാഗ്യവശാല്‍ മുന്‍ പ്രധാനമന്ത്രി ആകുന്ന നരേന്ദ്ര മോഡിക്ക് അതു കാണാന്‍ അവസരം ലഭിക്കില്ല- ഒവൈസി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഗോമൂത്ര ചികിത്സയിലൂടെ അര്‍ബുദം മാറിയെന്ന് ബിജെപി നേതാവ് സാധ്വി പ്രജ്ഞാ സിംഗ് പറഞ്ഞത്. ഗോമൂത്രവും പാഞ്ചഗവ്യയും ചേര്‍ത്ത ഔഷധം കഴിച്ചാണ് തന്റെ സ്തനാര്‍ബുദം സുഖപ്പെട്ടത്. ഈ മരുന്ന് ശാസ്ത്രീയമാണ്. താന്‍ അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. ഗോമാതാവിന്റെ പുറകുവശത്തുനിന്ന് അതിന്റെ കഴുത്ത് വരെ തടവിയാല്‍ ആളുകളുടെ രക്തസമ്മര്‍ദ്ദം കുറയുമെന്നും സാധ്വി പ്രജ്ഞാ സിംഗ് താക്കൂര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രജ്ഞാ സിംഗ് ഇത് പറഞ്ഞത്.

Exit mobile version