ദിവസവും വഴക്ക്, മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ അടിച്ച് വീഴ്ത്തി, തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊന്നു; ഭാര്യയുടെ ക്രൂരതയ്ക്ക് സാക്ഷിയായി രോഹിത്

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകത്തില്‍ ഭാര്യ അപൂര്‍വ്വ ശുക്ല തിവാരിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അപൂര്‍വ്വ കുറ്റസമ്മതം നടത്തിയത്.

കഴിഞ്ഞ 16നായിരുന്നു ഡിഫന്‍സ് കോളനിയിലെ വീട്ടില്‍ അനക്കമില്ലാത്ത നിലയില്‍ രോഹിത്തിനെ കണ്ടെത്തിയത്. മൂക്കില്‍ നിന്നു രക്തം ഒഴുകിയ നിലയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചിരുന്നു. അന്നു പുലര്‍ച്ചെ ഒരു മണിയോടെയാണു കൊലപാതകം നടന്നതെന്നാണു പോലീസ് പറയുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു തെളിഞ്ഞു. തുടര്‍ന്നാണു ഭാര്യയെയും വീട്ടു ജോലിക്കാരെയും ചോദ്യം ചെയ്തത്.

അപൂര്‍വ്വയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ താന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്നു എന്ന സത്യം ഭാര്യ തുറന്ന് പറഞ്ഞു. തങ്ങള്‍ക്കിടയില്‍ എന്നും പിണക്കം പതിവായിരുന്നുവെന്നും തുടര്‍ന്ന് അവസാന നാളുകളില്‍ കലഹവും കയ്യാങ്കളിയും ഉണ്ടായിരുന്നതായും അപൂര്‍വ്വ മൊഴി നല്‍കി. കഴിഞ്ഞദിവസം സംഭവം നടക്കുമ്പോള്‍ താനും ഭര്‍ത്താവും തമ്മില്‍ അടി ഉണ്ടായെന്നും തുടര്‍ന്ന് മദ്യലഹരിയിലായ ഭര്‍ത്താവിനെ തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നും അപൂര്‍വ്വ മൊഴിയില്‍ പറഞ്ഞു.

2017 ല്‍ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട രോഹിതും അപൂര്‍വയും ഇടക്കാലത്ത് അകല്‍ച്ചയിലായിരുന്നു. പിന്നീട് 2018 ഏപ്രിലിലാണു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വിവാഹശേഷവും ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്നും വിവാഹമോചനത്തിനു തയാറെടുത്തിരുന്നെന്നും ഉജ്വല മൊഴി നല്‍കിയിട്ടുണ്ട്. 6 വര്‍ഷം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് എന്‍ഡി തിവാരിയുടെ മകനാണു താനെന്നു രോഹിത് തിവാരി ഡിഎന്‍എ പരിശോധനയിലൂടെ സ്ഥാപിച്ചെടുത്തത്.

Exit mobile version