കളമശ്ശേരിയില്‍ ചെയ്തതിനേക്കാള്‍ അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തി; റീ പോളിംഗ് നടക്കുമെന്ന് പി രാജീവ്

കളമശ്ശേരിയില്‍ 83-ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രത്തിലാണ് അധിക വോട്ടുകള്‍ കണ്ടെത്തിയത്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനേക്കാളും അധികം വോട്ടുകള്‍ കണ്ട സംഭവത്തില്‍ റീ പോളിങ് നടത്തുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. കളമശ്ശേരിയില്‍ 83-ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് യന്ത്രത്തിലാണ് അധിക വോട്ടുകള്‍ കണ്ടെത്തിയത്.

ആകെ പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകളാണ് അധികമായി കണ്ടെത്തിയത്. തുടര്‍ന്ന് മുന്നണികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കളക്ടര്‍ സ്ഥലത്തെത്തി വോട്ടിങ് യന്ത്രം പ്രത്യേകം സൂക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്റെ എണ്ണം എടുക്കുമ്പോഴായിരുന്നു വ്യത്യാസം കണ്ടത്. തുടര്‍ന്നാണ് മൂന്ന് മുന്നണിയിലേയും പ്രതിനിധികള്‍ കൂട്ടായാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ആകെ 215 വോട്ടര്‍മാരാണ് കളമശ്ശേരി 83-ാം നമ്പര്‍ ബൂത്തില്‍ പോള്‍ ചെയ്തത്. അവസാനം എണ്ണിയപ്പോള്‍ 258 വോട്ടുകള്‍ പോള്‍ ചെയ്തതായാണ് കാണിച്ചത്. പോളിങ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്ന് പി രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83ല്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ മെഷീനില്‍ കൂടുതലായി കണ്ടു. അസാധാരണമാണിത്. ആ ബൂത്തില്‍ റീ പോളിങ്ങ് നടത്താന്‍ നിശ്ചയിച്ചു . തിയ്യതി ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിക്കും.

Exit mobile version