സത്യവാങ്മൂലത്തില്‍ 147 കോടിയുടെ സ്വത്ത്; ഡല്‍ഹിയില്‍ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍

കഴിഞ്ഞ ദിവസം ഗൗതം ഗംഭീര്‍ നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ചു.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. മൂന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്നലെയാണ് കഴിഞ്ഞത്. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ചൂട് അടുത്തതോടെ ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിത്രം തെളിഞ്ഞു. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ആണ് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി. ഏറെ നാളത്തെ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയത്.

കഴിഞ്ഞ ദിവസം ഗൗതം ഗംഭീര്‍ നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ചു. തലസ്ഥാന നഗരിയില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥിയും മറ്റാരുമല്ല ഗൗതം തന്നെയാണ്. പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗംഭീര്‍ തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 147 കോടിയുടെ ആസ്തിയാണ് ഗൗതം ഗംഭീറിന് ഉള്ളത്. 349 സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്താണ് ഗംഭീര്‍.

12.40 കോടി രൂപയാണ് 2017-18 വര്‍ഷത്തില്‍ ഗംഭീറിന്റെ വരുമാനം കാണിച്ചിരിക്കുന്നത്. ഭാര്യ നടാഷക്ക് 6.15 ലക്ഷം രൂപയുടെ വരുമാനമുണ്ട്. ഡല്‍ഹിയില്‍ ഭാരാകമ്പ റോഡ് മോഡേണ്‍ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയ ഗംഭീര്‍ ഹിന്ദു കോളേജില്‍ യുജി കോഴ്‌സിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ബൈക്ക് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്.

Exit mobile version