62 വയസ്സുള്ള സണ്ണി ഡിയോള്‍ ആണോ യുവ നടന്‍..? നിര്‍മ്മലാ സീതാരാമനെ ട്രോളി സോഷ്യല്‍മീഡിയ

തന്നെക്കാള്‍ പ്രായമുള്ളയാളെയാണ് നിര്‍മ്മല സീതാരാമന്‍ യുവാവ് എന്ന് വിളിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം.

ന്യൂഡല്‍ഹി: ബിജെപിയില്‍ അംഗത്വം സ്വീകരിച്ച നടന്‍ സണ്ണി ഡിയോളിനെ യുവ നടന്‍ എന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനെ ട്രോളി സോഷ്യല്‍മീഡിയ. ബിജെപിയിലേയ്ക്ക് താരത്തെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് യുവ നടന്‍ എന്ന് വിശേഷിപ്പിച്ചത്.

ദേശീയതയും രാജ്യസ്നേഹവും സിനിമയിലൂടെ അവതരിപ്പിച്ച് ജനഹൃദയങ്ങളില്‍ എങ്ങനെ എത്തിക്കാമെന്ന് ‘ബോര്‍ഡര്‍’ സിനിമയിലൂടെ കാണിച്ചു തന്നയാളാണ് സണ്ണി ഡിയോളെന്ന് പറഞ്ഞ നിര്‍മ്മല സീതാരാമന്‍ താരത്തെ അഭിസംബോധന ചെയ്തത് ‘യങ്’ ‘ഫയര്‍ബ്രാന്‍ഡ്’ എന്ന് വിശേഷിപ്പിക്കുകയായിരുന്നു. ഇതോടെ സോഷ്യല്‍മീഡിയ ട്രോളുമായി രംഗത്തെത്തി.

തന്നെക്കാള്‍ പ്രായമുള്ളയാളെയാണ് നിര്‍മ്മല സീതാരാമന്‍ യുവാവ് എന്ന് വിളിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം. എട്ടു കൊല്ലം കൂടി കഴിഞ്ഞാല്‍ ബിജെപിയുടെ മാര്‍ഗ നിര്‍ദ്ദേശക് മണ്ഡലില്‍ ഉള്‍പ്പെടുത്തേണ്ടയാളാണെന്ന് സതീഷ് സര്‍വോദയ എന്നയാള്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ചേരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അടുത്ത അഞ്ചു വര്‍ഷത്തേക്ക് മോഡി ഭരണത്തിലെത്തണമെന്നും ബിജെപിയില്‍ ചേര്‍ന്നതില്‍ പിന്നാലെ സണ്ണി ഡിയോള്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരം ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

Exit mobile version