മോഡി ഭഗവാന്‍ കൃഷ്ണന്‍; ഈ അവതാരം 70 വര്‍ഷം നീണ്ടു നിന്ന ദുര്‍ഭരണം അവസാനിപ്പിക്കാന്‍; സാധ്വി പ്രജ്ഞ സിങ് താക്കൂര്‍

തന്റെ ഭാഗത്ത് നിന്നുണ്ടായ അനുചിതമായ പ്രസ്താവനയില്‍ താന്‍ മാപ്പ് പറഞ്ഞുവെന്നും എന്നാല്‍ മാനുഷികമായ പരിഗണന പോലും തനിക്ക് ജയിലില്‍ ലഭിച്ചിരുന്നില്ല എന്നും പ്രഗ്യ ആരോപിച്ചു

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാരമാണെന്ന് സാധ്വി പ്രജ്ഞ സിംഗ് താക്കൂര്‍. ഈ അവതാരം എടുത്തിരിക്കുന്നത് 70 വര്‍ഷം നീണ്ടു നിന്ന ദുര്‍ഭരണം അവസാനിപ്പിക്കാന്‍ ആണെന്നും താക്കൂര്‍ പറയുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് ധര്‍മ്മയുദ്ധമാണെന്നും അവര്‍ പറയുന്നുണ്ട്.

”കാവിക്ക് ബഹുമാനം നല്‍കാന്‍ മോഡി ആവശ്യപ്പെടുന്നുണ്ട്. കാവിയെ അപമാനിക്കുന്നവരെല്ലാം പരാജയപ്പെടും. നമ്മുടെ രാജ്യം സര്‍വ്വാധികാരവും നേടും.” ഭോപ്പാലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സാധ്വി പ്രജ്ഞയുടെ പരാമര്‍ശങ്ങള്‍. ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പല്ല, ധര്‍മ്മയുദ്ധമാണെന്നും ഈ യുദ്ധത്തില്‍ നമ്മള്‍ ജയിക്കുമെന്നും പ്രജ്ഞ വ്യക്തമാക്കി.

തന്റെ ഭാഗത്ത് നിന്നുണ്ടായ അനുചിതമായ പ്രസ്താവനയില്‍ താന്‍ മാപ്പ് പറഞ്ഞുവെന്നും എന്നാല്‍ മാനുഷികമായ പരിഗണന പോലും തനിക്ക് ജയിലില്‍ ലഭിച്ചിരുന്നില്ല എന്നും പ്രജ്ഞ ആരോപിച്ചു. പോലീസ് കസ്റ്റഡിയില്‍ ഹേ റാം, ഹരി ഓം എന്നീ മന്ത്രങ്ങള്‍ ജപിച്ചാണ് താന്‍ കഴിഞ്ഞത്. ഇന്ന് ജീവനോടെ ഇരിക്കുന്നത് ഈ മന്ത്രത്തിന്റെ ശക്തി കൊണ്ടാണെന്നും പ്രജ്ഞ പറയുന്നു. വെളിച്ചത്തിലേക്ക് ഇറങ്ങി വന്ന് ധര്‍മ്മയുദ്ധത്തില്‍ പങ്കാളികളായി വോട്ട് ചെയ്യാനാണ് പ്രജ്ഞ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്.

ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിംഗിനെതിരെയാണ് പ്രജ്ഞ മത്സരിക്കുന്നത്. 1984 ല്‍ നടന്ന സിഖ് കലാപത്തെക്കുറിച്ചും പ്രജ്ഞ പരാമര്‍ശിച്ചു. ഈ കലാപത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ മുഖ്യമന്ത്രി പദവിയില്‍ എത്തിയിട്ടുണ്ടെന്നായിരുന്നു പേര് വെളിപ്പെടുത്താതെ ദിഗ് വിജയ് സിംഗിനെ ഉദ്ദേശിച്ച് പ്രജ്ഞ നടത്തിയ പരാമര്‍ശം.

Exit mobile version