പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ഞങ്ങളുടെ ജീവിതം വഴിയാധാരമാക്കി; ഇക്കുറി ബിജെപിക്ക് വോട്ടില്ല! തുറന്നടിച്ച് ആപ്പിള്‍ കര്‍ഷകര്‍

ഹിമാചല്‍ പ്രദേശിലെ 1.7 ലക്ഷം കുടുംബങ്ങളാണ് ആപ്പിള്‍കൃഷിയെ ആശ്രയിച്ച് കഴിയുന്നത്.

ഷിംല: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ കര്‍ഷകര്‍ രംഗത്ത്. ഇക്കുറി ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന തീരുമാനം എടുത്താണ് കര്‍ഷകരുടെ പ്രതിഷേധം. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളുടെ ജീവിതം വഴിയാധാരമാക്കിയെന്ന് ഇവര്‍ പറയുന്നു. 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ തങ്ങളുടെ ജീവിതം ഇത്ര ദുരവസ്ഥയില്‍ എത്തില്ലായിരുന്നുവെന്നും കര്‍ഷകര്‍ ആരോപിച്ചു.

ഹിമാചല്‍ പ്രദേശിലെ റോഡുകളില്‍ ബിജെപിയുടെ കൊടിത്തോരണങ്ങളും മോഡി സര്‍ക്കാരിന് ഒരവസരംകൂടി എന്ന പ്ലക്കാര്‍ഡുകളും നിറഞ്ഞിട്ടുണ്ട്. എന്നാല്‍ ഉയരുന്നത് ബിജെപിയോടുള്ള കര്‍ഷക രോഷമാണെന്ന് മാത്രം. ഹിമാചല്‍ പ്രദേശിലെ 1.7 ലക്ഷം കുടുംബങ്ങളാണ് ആപ്പിള്‍കൃഷിയെ ആശ്രയിച്ച് കഴിയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്ന് ആപ്പിള്‍ കര്‍ഷകനായ പ്രകാശ് താക്കൂര്‍ പറയുന്നു.

ആപ്പിള്‍ വിറ്റ ഇനത്തില്‍ 100 കോടി രൂപയിലധികം ഇനിയും ലഭിക്കാനുണ്ട്. സ്വകാര്യ പണമിടപാടുകാരില്‍ നിന്നും കടമെടുത്താണ് പലരും കൃഷി ചെയ്തത്. കൂടാതെ ബാങ്കുകളില്‍ നിന്നും വായ്പകളും തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ല. ആപ്പിള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ശീതീകരണ സംവിധാനങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ സ്ഥാപിക്കുമെന്നതായിരുന്നു പ്രധാന പ്രഖ്യാപനം. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും നടപ്പിലായി കണ്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ശീതീകരണ സംവിധാനങ്ങള്‍ ഇല്ലാത്ത കാരണത്താല്‍ വിളവെടുപ്പ് സമയത്ത് നിസാര വിലയ്ക്ക് ആപ്പിള്‍ വില്‍ക്കേണ്ട സ്ഥിതിയാണ് തങ്ങള്‍ക്കുള്ളതെന്നും പ്രകാശ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version