അമേഠിയില്‍ സരിത നല്‍കിയ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു; പിന്നില്‍ ബിജെപി എന്ന് വിലയിരുത്തല്‍ !

സരിതയെ അമേഠിയില്‍ മത്സരിപ്പിക്കുന്നതിന് പിന്നില്‍ ബിജെപിയാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.

അമേഠി: രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങി സരിത എസ് നായര്‍. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സരിത സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. സരിതയെ അമേഠിയില്‍ മത്സരിപ്പിക്കുന്നതിന് പിന്നില്‍ ബിജെപിയാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.

വയനാട്, എറണാകുളം മണ്ഡലത്തില്‍ സരിത സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക
കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും തള്ളിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ ശിക്ഷാ വിധി നിലനില്‍ക്കുന്നു എന്ന കാരണം കൊണ്ടാണ് തള്ളിയത്. എന്നാല്‍ അമേഠിയില്‍ രാഹുലിനെതിരെ മത്സരിക്കാന്‍ സരിത നാമനിര്‍ദേശ പത്രിയ നല്‍കിയപ്പോള്‍ ഈ കാരണങ്ങള്‍ എല്ലാം നില നില്‍ക്കുമ്പോഴും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക സ്വീകരിച്ചിരിക്കുകയാണ്. ഇതിന് ബിജെപിയുടെ പിന്തുണയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂടാതെ, രാഹുല്‍ ഗാന്ധിയുടെ നിലപാട് സ്ത്രീ വിരുദ്ധതയാണെന്ന് ദേശീയതലത്തില്‍ വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള ബിജെപിയുടെ അജണ്ടയാണ് സരിതയെ അമേഠിയില്‍ മത്സരിക്കാന്‍ ഇറക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും കോണ്‍ഗ്രസ്സിന്റെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സരിത നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി എഫ്‌ഐആര്‍ ഇട്ടിട്ടും രാഹുല്‍ ഗാന്ധി നടപടി എടുത്തില്ല എന്നതാണ് സരിത ഉന്നയിക്കുന്ന ആക്ഷേപം. ഇത് ദേശീയ തലത്തില്‍ തന്നെ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കി കോണ്‍ഗ്രസ്സിന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുക എന്നതാണ് സരിതയ്ക്ക് പിന്നില്‍ ഉള്ളവരുടെ ലക്ഷ്യം.

സ്ത്രീകളോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്നതിനാണ് രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്ന് സരിത പറയുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് ജയിച്ച് ലോക്‌സഭയിലേക്ക് പോകാനല്ലെന്നും, ഇത്രയും വലിയ പാര്‍ട്ടി സംവിധാനത്തോട് ജയിക്കാന്‍ തനിക്കാവില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ രാഹുലിന്റെ നടപടിയില്‍ പ്രതിഷേധിച്ചുമാണ് താന്‍ മത്സരിക്കുന്നത് എന്നും സരിത നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Exit mobile version