‘കള്ളവോട്ട് എല്ലായിടത്തും നടക്കുന്നുണ്ട്, അവസരം കിട്ടിയാല്‍ നിങ്ങളും ചെയ്യണം’; കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി

നിങ്ങള്‍ക്ക് അത്തരത്തിലൊരു അവസരം ലഭിച്ചാല്‍ ആ സാഹചര്യം മുതലെടുക്കണമെന്ന് മൗര്യ പറയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി സംഘമിത്ര മൗര്യ. തെരഞ്ഞെടുപ്പിന് യഥാര്‍ത്ഥ വോട്ടര്‍മാര്‍ വന്നില്ലെങ്കില്‍ നിങ്ങള്‍ കള്ളവോട്ട് ചെയ്യണമെന്നാണ് ഉത്തര്‍പ്രദേശിലെ ബദോനില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയായ സംഘമിത്ര മൗര്യ അണികളോട് ആഹ്വാനം ചെയ്തത്.

ഇപ്പോള്‍ എല്ലായിടത്തും കള്ളവോട്ട് നടക്കുന്നത് പതിവാണ്. നിങ്ങള്‍ക്ക് അത്തരത്തിലൊരു അവസരം ലഭിച്ചാല്‍ ആ സാഹചര്യം മുതലെടുക്കണമെന്ന് മൗര്യ പറയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ രഹസ്യമായി കള്ളവോട്ട് ചെയ്യാമെന്നും സംഘമിത്ര മൗര്യ പറയുന്നുണ്ട്.

അതേസമയം സ്ഥാനാര്‍ത്ഥിയുടെ ഈ പരാമര്‍ശം വിവാദമായതോടെ ഇതിന് വിശദീകരണവുമായി സംഘമിത്ര മൗര്യ രംഗത്തെത്തി. വീഡിയോ എഡിറ്റ് ചെയ്തതാണെന്നും താന്‍ ഒരിക്കലും കള്ളത്തരത്തെ പിന്തുണക്കില്ലെന്നും താന്‍ പറഞ്ഞത് തെറ്റായി കാണിക്കുകയാണെന്നുമാണ് മൗര്യ ഇതിനെ കുറിച്ച് പ്രതികരിച്ചത്.

Exit mobile version