മോഡിയുടെ വെബ് സീരീസിനും കടിഞ്ഞാണിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍; സംപ്രേക്ഷണം നിര്‍ത്താന്‍ നിര്‍ദേശം

'മോഡി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍' എന്ന പേരിലാണ് ഇറോസ് നൗവില്‍ വെബ് സീരീസ് സംപ്രേക്ഷണം ചെയ്തു വരുന്നത്

ന്യൂഡല്‍ഹി: ‘പിഎം നരേന്ദ്ര മോഡി’ എന്ന ബോളിവുഡ് ചിത്രം വിലക്കിയതിന് പിന്നാലെ മോഡിയുടെ പേരിലുള്ള വെബ് സീരീസിനും കടിഞ്ഞാണിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോഡിയുടെ പേരില്‍ സംപ്രേക്ഷണം ചെയ്തു വന്ന വെബ് സീരീസ് ഉടന്‍ തന്നെ നിര്‍ത്തി വെയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. നിലവില്‍ ‘മോഡി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’ എന്ന പേരിലാണ് ഇറോസ് നൗവില്‍ വെബ് സീരീസ് സംപ്രേക്ഷണം ചെയ്തു വരുന്നത്.

നിലവില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധത്തില്‍ രാഷ്ട്രീയ ലക്ഷ്യംവെച്ച് നേതാക്കളുടേയും പ്രസ്ഥാനങ്ങളുടേയും ജീവിതമോ ചരിത്രമോ ഇലക്ട്രിക്ക് മീഡിയ വഴി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വെബ് സീരീസിന്റെ സംപ്രേക്ഷണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരിക്കുന്നത്.

വെബ് സീരീസിന്റെ ട്രെയിലര്‍ പരിശോധിച്ചപ്പോള്‍ മോഡിയുടെ രാഷ്ട്രീയ ജീവിതമാണ് വിഷയമെന്ന് ബോധ്യപ്പെട്ടുവെന്നും അതുകൊണ്ടു തന്നെ ഇറോസ് നൗ സംപ്രേക്ഷണം ചെയ്ത അഞ്ച് എപ്പിസോഡുകളും പിന്‍വലിക്കണമെന്നും മറ്റ് എപ്പിസോഡുകളുടെ സംപ്രേക്ഷണം താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറോസ് നൗ മേധാവികള്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നത്.

Exit mobile version