‘ചൗക്കീദാര്‍ ചോര്‍ ഹെ’ പ്രയോഗം കോടതിയുടേതല്ല; രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്.! തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുലിന് നിയമക്കുരുക്ക്?

ന്യൂഡല്‍ഹി: റാഫേല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഏപ്രില്‍ 22നകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. മീനാക്ഷി ലേഖി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

റാഫേല്‍ കേസില്‍ സുപ്രീം കോടതി വിധിയെ രാഹുല്‍ ഗാന്ധി നേരത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രധാനമന്ത്രി നരന്ദ്രേമോഡിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചിരുന്നു. മീനാക്ഷി ലേഖി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. കോടതി വിധിയില്‍ ഇല്ലാത്തകാര്യം ചൂണ്ടികാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

റാഫേല്‍ കേസ് പരിഗണിക്കുന്ന സമയത്ത് ‘ ചൗക്കീദാര്‍ ചോര്‍ ഹെ’ എന്ന പരാമര്‍ശം സുപ്രീം കോടതി നടത്തിയിട്ടില്ല എന്ന് കോടതി ഇന്ന് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയായിരുന്നു ആ പദം ഉപയോഗിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. എന്ത് അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി ഈ പദം ഉപയോഗിച്ചത് എന്ന് അറിയാനാണ് കോടതി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.

രാഹുല്‍ ഗാന്ധി ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയിട്ടുണ്ടോ എന്ന് കോടതി അന്വേഷിക്കും. പരാമര്‍ശം നടത്തിയെന്ന് ബോധ്യപ്പെട്ടാല്‍ കോടതിയലക്ഷ്യ നടപടിയിലേക്ക് സുപ്രീം കോടതി നീങ്ങും. വയനാട്ടിലടക്കം രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടിയുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സുപ്രീം കോടതി നടപടി.

Exit mobile version