ജഡേജയുടെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു; തൊട്ട് പിന്നാലെ കോണ്‍ഗ്രസ് അംഗത്വം സീകരിച്ച് ജഡേജയുടെ അച്ഛനും സഹോദരിയും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്ന് നൈന വ്യക്തമാക്കി.

ജംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു. ജഡേജയുടെ ഭാര്യ റിവാബ ജഡേജ അടുത്തിടെ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഞായറാഴ്ച ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ പിതാവ് അനിരുദ്ധ്സിങ്ങിന്റെ സാന്നിധ്യത്തില്‍ മൂത്ത സഹോദരി നൈന കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങുമെന്ന് നൈന വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയിലെ പാരാമെഡിക്കല്‍ ജീവനക്കാരിയായ നൈന നാഷണല്‍ വിമെന്‍സ് പാര്‍ട്ടി അംഗമായിരുന്നു. ഗുജറാത്തിലെ ജംനഗറില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ആര്‍സി ഫാല്‍ഡുവിന്റേയും എംപിയായ പൂനംബെന്‍ മാദാമിന്റേയും സാന്നിധ്യത്തിലായിരുന്നു ജഡേജയുടെ ഭാര്യ റിവാബ ബിജെപി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ കര്‍ണി സേനയുടെ വനിതാ വിഭാഗം പ്രസിഡന്റായി റിവാബ സ്ഥാനമേറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റിവാബ ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം തെരഞ്ഞെടുപ്പില്‍ റിവാബ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും പ്രാധാന്യം നല്‍കുകയെന്നും റിവാബ വ്യക്തമാക്കിയിരുന്നു.

Exit mobile version