അയോധ്യ വിഷയത്തില്‍ ആവശ്യമെങ്കില്‍ 1992 ആവര്‍ത്തിക്കും, അനന്തമായി കാത്തിരിക്കാന്‍ വയ്യ: കേന്ദ്ര സര്‍ക്കാരിന് ആര്‍എസ്എസ് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് അനന്തമായി കാത്തിരിക്കാനാകില്ലെന്നും ആവശ്യമെങ്കില്‍ പ്രക്ഷോഭത്തിന് തയ്യാറാണെന്നും ആര്‍എസ്എസ് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ക്ഷേത്ര നിര്‍മ്മാണത്തിന് ഉടനടി ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു.

ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

കോടതിയില്‍ വിശ്വാസമുണ്ടെങ്കിലും കോടതി ഈ വിഷയത്തിന് പരിഗണന നല്‍കാത്തതില്‍ വേദനയുണ്ടെന്നും, രാമക്ഷേത്ര വിഷയത്തില്‍ നീതിപീഠം പ്രത്യേക പരിഗണന നല്‍കണമെന്നും ഭയ്യാജി ആവശ്യപ്പെട്ടു.

ആവശ്യം വന്നാല്‍ 1992 ആവര്‍ത്തിക്കുമെന്നും ആര്‍എസ്എസ് പറഞ്ഞു. 1992 ഡിസംബര്‍ ആറിനായിരുന്നു കര്‍സേവകര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രക്ഷോഭം ശക്തമാക്കിയതും ബാബറി മസ്ജിദ് തകര്‍ത്തതും.

Exit mobile version