തെരഞ്ഞെടുപ്പിനിടെ ആന്ധ്രയില്‍ വന്‍ സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

മറ്റൊരു സ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ ആന്ധ്രാ നിയമസഭാ സ്പീക്കര്‍ക്കും പരിക്കേറ്റിട്ടുണ്ട്

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ആന്ധ്രപ്രദേശില്‍ നടന്ന വോട്ടെടുപ്പിനിടെ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. അനന്തപൂര്‍ ജില്ലയിലെ താഡിപട്രി നിയമസഭ മണ്ഡലത്തിലെ വീരപുരം ഗ്രാമത്തിലെ പോളിംഗ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. ഒരു ടിഡിപി പ്രവര്‍ത്തകനും ഒരു വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.

വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുല്ല റെഡ്ഡിയും, ടിഡിപി പ്രവര്‍ത്തകനായ ഭാസ്‌കര്‍ റെഡ്ഡിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അതിനിടെ ആന്ധ്രയില്‍ തെരഞ്ഞെടുപ്പിനിടെ വ്യാപക ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മറ്റൊരു സ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ ആന്ധ്രാ നിയമസഭാ സ്പീക്കര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുണ്ടൂരിലെ സട്ടനപ്പള്ളി അസംബ്ലി മണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സ്പീക്കര്‍ കോഡല ശിവപ്രസാദ റാവുവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കൈക്ക് പരിക്കേറ്റു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്പീക്കറെ ആക്രമിച്ചത്.

ആന്ധ്രയില്‍ വ്യാപക ആക്രമണമാണ് തെരഞ്ഞെടുപ്പിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ടിഡിപി-വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ആക്രമണത്തെ കൂടാതെ, ജനസേന നേതാവ് വോട്ടിംഗ് യന്ത്രം തകര്‍ത്തതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

Exit mobile version