പ്രധാനമന്ത്രി പദത്തിന് വേണ്ടിയല്ല രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്, ലക്ഷ്യം നരേന്ദ്ര മോഡിയുടെ പരാജയം; ശരത് പവാര്‍

തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശരത് പവാര്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിനു വേണ്ടിയല്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. രാഹുലിന്റെ ലക്ഷ്യം നരേന്ദ്ര മോഡിയുടെ പരാജയമാണെന്ന് അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനെ ഒരു കഴിവില്ലാത്ത നേതാവായി ജനങ്ങളുടെ മുന്നില്‍ ചിത്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്, അതേസമയം രാഹുല്‍ ഒരു കഴിവില്ലാത്ത നേതാവായിരുന്നെങ്കില്‍ ബിജെപി നേതാക്കളുടെ പ്രസംഗങ്ങളില്‍ അദ്ദേഹം ഒരു അഭിവാജ്യഘടകമാകുന്നത് എങ്ങനെയെന്നും ശരത് പവാര്‍ ആരാഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നൂറിലധികം സീറ്റുകള്‍ നേടുമെന്നും, തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശരത് പവാര്‍ വ്യക്തമാക്കി. കൂടാതെ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയേക്കുമെന്നും അതേസമയം ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള എണ്ണം അവര്‍ക്കുണ്ടാവില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version