കോണ്‍ഗ്രസിന് തിരിച്ചടി; ‘പിഎം നരേന്ദ്ര മോഡി’ റിലീസ് തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിക കഥ പറയുന്ന ചിത്രം ‘പിഎം നരേന്ദ്ര മോഡി’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അമന്‍ പവന്‍വാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണോ എന്നത് പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

‘പിഎം നരേന്ദ്ര മോഡി’ എന്ന ചിത്രത്തിന് ഇതുവരെ സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് നേരത്തേ കോടതി വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 11 ന് ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് ചിത്രത്തില്‍ മോഡിയെ അവതരിപ്പിക്കുന്നത്. മോഡിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നത് വരെയുള്ള കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

Exit mobile version