പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം തകര്‍ത്തതിന്റെ തെളിവുമായി വ്യോമസേന; റഡാര്‍ ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചുവീഴ്ത്തിയതിനുള്ള തെളിവുകള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടു. വ്യോമാക്രമണത്തിന്റെ റഡാര്‍ ചിത്രങ്ങളാണ് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യോമസേന പുറത്തുവിട്ടത്.

ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്താന്‍ യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് യുദ്ധവിമാനമായ എഫ്-16 വെടിവെച്ച് വീഴ്ത്തിയത്. തുടര്‍ന്ന് അഭിനന്ദന്‍ പറത്തിയ ഇന്ത്യന്‍ യുദ്ധവിമാനവും തകരുകയും പൈലറ്റ് അഭിനന്ദന്‍ പാക് സേനയുടെ പിടിയിലാവുകയും ചെയ്തിരുന്നു. പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ആയിരുന്നു ഇതെല്ലാം.

എന്നാല്‍ പാക് വിമാനം തകര്‍ത്തെന്ന ഇന്ത്യന്‍ അവകാശവാദം തെറ്റാണെന്ന ആരോപണവുമായി അമേരിക്കന്‍ മാധ്യമം രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പാകിസ്താന്റെ എഫ്-16 വിമാനങ്ങളൊന്നും തകര്‍ന്നിട്ടില്ലെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യോമസേന റഡാര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

Exit mobile version