വോട്ടര്‍ എന്ന നിലയില്‍ ഒരു രാഷ്ട്രീയക്കാരന്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല ; കമല്‍ഹാസന്‍

തെരഞ്ഞെടുപ്പില്‍ ഇരു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന രീതി മുമ്പ് ഉണ്ടായിട്ടുണ്ട്, എന്നാല്‍ അതൊരു ശീലമാക്കിയെടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

ന്യൂഡല്‍ഹി : വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ വയനാട്ടിലും മത്സരിക്കുന്നതിനെ വിമര്‍ശിച്ച് മക്കള്‍ നീതി മയ്യം പാര്‍ട്ടി പ്രസിഡന്റും നടനുമായ കമല്‍ഹാസന്‍ രംഗത്ത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. ഒരു വോട്ടര്‍ എന്ന നിലയില്‍ രാഷ്ട്രീയക്കാരന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ ഇരു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന രീതി മുമ്പ് ഉണ്ടായിട്ടുണ്ട്, എന്നാല്‍ അതൊരു ശീലമാക്കിയെടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതോടൊപ്പം താന്‍ ആദരിക്കുന്ന ചില മുന്‍ഗാമികള്‍ ഇത്തരത്തില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ടെന്നും, അതേസമയം അവര്‍ ചെയ്യുന്നതിനോടൊക്കെ താന്‍ യോജിക്കുന്നു എന്ന് അര്‍ഥമില്ലയെന്നും കമല്‍ഹാസന്‍ പറഞ്ഞു.

മേം ഭീ ചൗകിദാര്‍ ക്യാംപെയ്‌നെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെയൊരു പ്രചാരണമാണ് ചൗകിദാര്‍ ക്യാംപയ്‌നിലൂടെ നടക്കുന്നതെന്ന് തോന്നുന്നില്ലെന്നാണ് കമല്‍ഹാസന്‍ കുറ്റപ്പെടുത്തിയത്. ഈ വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഉലകനായകന്‍ മത്സരിക്കുന്നില്ല. അതേസമയം മക്കള്‍ നീതി മയ്യത്തിന്റെ 40 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്.

Exit mobile version