സുബ്രഹ്മണ്യന്‍ സ്വാമിയ്ക്ക് തിരിച്ചടി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഓഫീസ് ഒഴിയണമെന്ന ഉത്തരവിന് സ്‌റ്റേ; സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഡല്‍ഹി ഓഫീസ് തല്‍ക്കാലം ഒഴിയേണ്ടെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് അനുകൂലമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ കോടതി നോട്ടീസയയ്ക്കുകയും ചെയ്തു.

നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിക്കുന്ന ദ അസോസിയേറ്റഡ് ജേണല്‍സിന്റെ ഹര്‍ജി പരിഗണിച്ചാണ് ഓഫീസ് ഒഴിയാനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഓഫീസ് ഒഴിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

2018 ഡിസംബര്‍ 21 നാണ് ഡല്‍ഹി ഹൈക്കോടതി ഓഫീസ് ഒഴിയുന്നതിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ച് ഉത്തരവിറക്കിയത്.

നാഷണല്‍ ഹെറാള്‍ഡ് പത്രം ഏറ്റെടുത്ത 2011-12 സാമ്പത്തിക വര്‍ഷത്തെ വരുമാനം സംബന്ധിച്ച് സോണിയ ഗാന്ധിയും രാഹുലും കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടില്ലെന്നാരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസ് നല്‍കിയത്.

Exit mobile version