പെയിന്റിങ് കളക്ഷന് പിന്നാലെ നീരവ് മോദിയുടെ ആഢംബര കാറുകളും ലേലത്തിന്

കാറുകളുടെ ലേലത്തിലൂടെ നീരവ് മോദി തട്ടിയെടുത്ത തുകയുടെ ഒരു ഭാഗമെങ്കിലും വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര കാറുകള്‍ ലേലത്തിന് വെയ്ക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍. കോടികള്‍ വിലമതിക്കുന്ന 13 ആഢംബര കാറുകളാണ് ഓണ്‍ലൈന്‍ വഴി ലേലം ചെയ്യുന്നത്. നീരവ് മോദിയുടെ 54.84 കോടി വിലവരുന്ന പെയിന്റിങ് കളക്ഷനുകള്‍ ഈ അടുത്താണ് ലേലം ചെയ്തത്. ഇതിന് പിന്നാലെയാണ് കാറുകളും ലേലം ചെയ്യാനൊരുങ്ങുന്നത്.

രണ്ട് മെഴ്‌സിഡസ് ബെന്‍സ്, റോള്‍സ് റോയ്‌സ് ഗോസ്റ്റ്, പോര്‍ഷെ പനാമറ, മൂന്ന് ഹോണ്ട, ടൊയൊട്ട ഫോര്‍ച്യൂണര്‍ എന്നിവ ഉള്‍പ്പെടെയുള്ള കോടികള്‍ വിലമതിക്കുന്ന കാറുകളാണ് ലേലത്തിന് വയ്ക്കുന്നത്. ഏപ്രില്‍ 18-നാണ് ലേലം നടത്തുന്നത്.

നീരവ് മോദിയുടെ ഇന്ത്യയിലെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കാറുകളുടെ ലേലത്തിലൂടെ നീരവ് മോദി തട്ടിയെടുത്ത തുകയുടെ ഒരു ഭാഗമെങ്കിലും വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇ-കൊമേഴ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മെറ്റല്‍ സ്‌ക്രാപ് ട്രേഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്കാണ് ലേലത്തിന്റെ കരാര്‍ നല്‍കിയിരിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കാറുകള്‍ പരിശോധിക്കാമെങ്കിലും ടെസ്റ്റ് ഡ്രൈവ് നടത്താന്‍ അനുവദിക്കില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കാറുകളുടെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Exit mobile version