രാഗേഷ് അസ്താനക്കെതിരെ കോഴക്കേസ് അന്വേഷിക്കുന്ന എകെ ബസിക്കെതിരെ മോഷണക്കുറ്റം ചുമത്തിയേക്കും; റെയ്ഡില്‍ കണ്ടുകെട്ടിയ വസ്തുക്കള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപണം

റെയ്ഡില്‍ പിടികൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിവരം രേഖപ്പെടുത്താതിരുന്നതിനാലാണ് എകെ ബസ്സിക്കെതിരെ കുറ്റം ചുമത്തുന്നത്.

ന്യൂഡല്‍ഹി: കോഴക്കേസില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ അന്വേഷണം നടത്തിയ എകെ ബസ്സിക്കെതിരെ മോഷണക്കുറ്റം ചുമത്തിയെക്കും. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച സിബിഐ ഉദ്യോഗസ്ഥനായ ദേവേന്ദര്‍ കുമാറിന്റെ വീട്ടില്‍ നിന്ന് റെയ്ഡില്‍ പിടികൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിവരം രേഖപ്പെടുത്താതിരുന്നതിനാലാണ് എകെ ബസ്സിക്കെതിരെ കുറ്റം ചുമത്തുന്നത്.

ഒക്ടോബര്‍ 20ന് എകെ ബസ്സി ദേവേന്ദര്‍ കുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് എട്ട് മൊബൈല്‍ ഫോണുകള്‍, ഐപാഡ്, ഒരു ഹാര്‍ഡ് ഡിസ്‌ക് എന്നിവ കണ്ടുകെട്ടിയിരുന്നു. എന്നാല്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് കണ്ടുകെട്ടിയതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് അലോക് വരമയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന സതീഷ് ദഗര്‍ കോടതിയെ അറിയിച്ചു.

കൂടാതെ സിബിഐയുടെ അസിസ്റ്റന്റ് പ്രോഗ്രാമറായ ബന്‍വാരിലാലും എകെ ബസ്സിക്കെതിരായി മൊഴി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 20 ന് നടത്തിയ റെയ്ഡില്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് പരിശോധനയ്ക്കായി തന്നെ ഏല്‍പ്പിച്ചതെന്നും, മറ്റുള്ളവ അവരുടെ കൈവശമായിരുന്നുവെന്നും പിന്നീട് 22 ന് ഇവ തന്നെ ഏല്‍പ്പിക്കുമ്പോള്‍ സീല്‍ പൊട്ടിച്ച നിലയിലായിരുന്നുവെന്നും ബന്‍വാരിലാല്‍ പറഞ്ഞു.

പോര്‍ട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എകെ ബസ്സി നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കവേയാണ് ഇക്കാര്യങ്ങള്‍ ദേവേന്ദര്‍ കുമാറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

എകെ ബസ്സിയും സംഘവും കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നും ഇവര്‍ക്കെതിരെ പിടിച്ചുപറിക്കും കൊള്ളയടിക്കും കേസെടുക്കണമെന്നും ദേവേന്ദര്‍ കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു

Exit mobile version