നിരോധിച്ചിട്ടും പബ്ജി ഗെയിം കളിച്ചു; രാജ്‌കോട്ടില്‍ പത്ത് പേര്‍ അറസ്റ്റില്‍

ഇന്ത്യയില്‍ ആദ്യമായി പബ്ജി ഗെയിം നിരോധിച്ച നഗരം ഗുജറാത്തിലെ സൂറത്താണ്

രാജ്‌കോട്ട്: നിരോധിച്ചിട്ടും പബ്ജി ഗെയിം കളിച്ചതിന് രാജ്‌കോട്ടില്‍ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഉത്തരവ് പ്രകാരം പബ്ജി കളിക്കുന്നത് രാജ്‌കോട്ടില്‍ നിരോധിച്ചിരുന്നു. അറസ്റ്റ് ചെയ്ത പത്ത് പേരില്‍ ആറ് പേര്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്. മാര്‍ച്ച് ആറിനാണ് നഗരത്തില്‍ പബ്ജി ഗെയിം കളിക്കുന്നതിന് പോലീസ് കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ചൊവ്വാഴ്ചയാണ് ആറ് ബിരുദ വിദ്യാര്‍ത്ഥികളെ പബ്ജി ഗെയിം കളിക്കുന്നതിനിടയില്‍ പിടികൂടിയത്. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകളിലായി ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തിനടുത്ത് നിന്നും പബ്ജി കളിച്ച മൂന്ന് യുവാക്കളെ രാജ്കോട്ട് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യയില്‍ ആദ്യമായി പബ്ജി ഗെയിം നിരോധിച്ച നഗരം ഗുജറാത്തിലെ സൂറത്താണ്. കുട്ടികള്‍ പബ്ജി ഗെയിംമിന് അടിമകളാകുന്നുണ്ടെന്നും ഇത് അവരുടെ പഠനത്തെ ബാധിക്കുന്നുവെന്നും പറഞ്ഞാണ് ജില്ല ഭരണകൂടം പബ്ജി ഗെയിം നിരോധിച്ചത്.

Exit mobile version