പുല്‍വാമയില്‍ വീണ്ടും വെടിവെയ്പ്പ്; നാട്ടുകാരന്‍ കൊല്ലപ്പെട്ടു

ഷൗക്കത്ത് അഹമ്മദ് നൈക്കുവാണ് ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്

പുല്‍വാമ: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഷൗക്കത്ത് അഹമ്മദ് നൈക്കുവാണ് ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷൗക്കത്ത് സൈന്യത്തില്‍ ചേരുകയും പിന്നീട് ഒളിച്ചോടുകയും ചെയ്ത വ്യക്തിയാണെന്നാണ് അധികൃതര്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ജനുവരി 15ന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്ന ഷൗക്കത്ത് കഴിഞ്ഞ മാര്‍ച്ച് 21ന് ജമ്മുകാശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് സെപ്റ്റംബറില്‍ മൂന്ന് ദിവസത്തെ ലീവിന് പോയ ശേഷം തിരികെ വന്നിട്ടില്ലെന്നാണ് സൈനിക വക്താവ് അറിയിച്ചത്.

പുല്‍വാമയില്‍ വെടിവെയ്പ്പ് നടന്ന സ്ഥലം കാശ്മീര്‍ പോലീസ് സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Exit mobile version