അതിര്‍ത്തിയില്‍ പാകിസ്താന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു; മുന്നറിയിപ്പുമായി ഇന്ത്യ

അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നുള്ള സൈന്യത്തെ പിന്‍വലിച്ച് കാശ്മീരിലെ പ്രശ്‌നബാധിത മേഖലകളില്‍ പാകിസ്താന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട് ഉള്ളത്.

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നുള്ള സൈന്യത്തെ പിന്‍വലിച്ച് കാശ്മീരിലെ പ്രശ്‌നബാധിത മേഖലകളില്‍ പാകിസ്താന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട് ഉള്ളത്.

നിയന്ത്രണരേഖയ്ക്കു സമീപം താമസിക്കുന്ന സാധാരണക്കാരെ ഉന്നമിട്ടുള്ള ആക്രമണങ്ങള്‍ നടത്തുന്നതിനെതിരെ ഇന്ത്യന്‍ സൈന്യം പാകിസ്താന് ബുധനാഴ്ച ശക്തമായ മുന്നറിയിപ്പു നല്‍കി. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമോ നാശനഷ്ടമോ ഉണ്ടായാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.

ചൊവ്വാഴ്ച ഇരുരാജ്യങ്ങളിലെയും ഉന്നത സൈനികോദ്യോഗസ്ഥര്‍ ടെലിഫോണ്‍ വഴി ബന്ധപ്പെട്ടു. നിയന്ത്രണരേഖയ്ക്കു സമീപം താമസിക്കുന്ന സാധാരണക്കാരെ ഉന്നമിടരുതെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടുവെന്ന് ഉന്നതഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയന്ത്രണരേഖയ്ക്കുസമീപമുള്ള കൃഷ്ണഘാട്ടി, സുന്ദര്‍ബനി എന്നിവിടങ്ങളില്‍ പ്രകോപനം കൂടാതെ പാക് സൈന്യം ഉയര്‍ന്നശേഷിയുള്ള ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തുന്നതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. അവിടെ കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version