ആധാര്‍ സ്വന്തമാക്കാനായതില്‍ അഭിമാനം; ഇനി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കണം; ഡോക്ടറാകണം; ആഗ്രഹം പങ്കുവെച്ച് അഫ്‌സല്‍ ഗുരുവിന്റെ മകന്‍

ബാരാമുള്ള: ഇന്ത്യന്‍ പൗരനെന്ന് തെളിയിക്കുന്ന ആധാര്‍ കാര്‍ഡ് സ്വന്തമാക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് ഗാലിബ് ഗുരു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷ ലഭിച്ച അഫ്സല്‍ ഗുരുവിന്റെ മകനാണ് ഗാലിബ്. ഇന്ത്യന്‍ പൗരനാണെന്നതില്‍ അഭിമാനിക്കുന്നുവെന്നും ഇനി ആവശ്യം ഇന്ത്യന്‍ പാസ്പോര്‍ട്ട് ആണെന്നും പതിനെട്ടുകാരനായ ഗാലിബ് വ്യക്തമാക്കി.

മെയ് അഞ്ചിന് നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സിനായി തയ്യാറെടുക്കുകയാണെന്നും വിദേശത്ത് ഉപരിപഠനത്തിന് പോകുന്നതിനുള്ള പരിശ്രമത്തിലാണെന്നും ഗാലിബ് പറയുന്നു. ഇതിനായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വേണമെന്നും ഇതു നേടിയെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗാലിബ് പറയുന്നു.

ഭൂതകാലങ്ങളില്‍ സംഭവിച്ചുപോയ തെറ്റുകളില്‍ നിന്ന് നാം പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും ഗാലിബ് പറയുന്നു. ഇന്ത്യയില്‍ മെഡിസിന്‍ പഠനത്തിന് സാധിച്ചില്ലെങ്കിലും തുര്‍ക്കിയില്‍ ഒരു കോളേജില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ചേക്കുമെന്നും ഗാലിബ് പറയുന്നു. താന്‍ ഒരു ഡോക്ടറായി കാണാനാണ് പിതാവ് ആഗ്രഹിച്ചിരുന്നതെന്നും അത് പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും ഗാലിബ് വ്യക്തമാക്കുന്നു. അച്ഛന്‍ മെഡിക്കല്‍ രംഗത്തെ ജോലി തുടര്‍ന്നില്ല. എനിക്കത് പൂര്‍ത്തിയാക്കണം. കശ്മീരിലെ ഭീകരരില്‍ നിന്ന് തന്നെ സംരക്ഷിച്ച അമ്മയ്ക്കാണ് ഇതിന്റെ എല്ലാ കടപ്പാടുകളുമെന്ന് ഗാലിബ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ഗാലിബിനെ അവന്റെ അമ്മയും ബന്ധുക്കളും കരുതലോടെയാണ് വളര്‍ത്തിയത്. പഠനകാലത്തൊരിക്കല്‍ പോലും ആരുമായും കാശ്മീരിനെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു.

തനിക്ക് ഇതുവരെയും സുരക്ഷാ സേനാംഗങ്ങളില്‍ നിന്ന് യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളും നേരിടേണ്ടിവന്നിട്ടില്ലെന്നും മറിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രചോദനമാണ് ലഭിച്ചിരുന്നതെന്നും ഗാലിബ് പറയുന്നു.

അതേസമയം, അവര്‍ ഒരിക്കല്‍ പോലും വിദ്യാലയങ്ങളില്‍ വെച്ചോ വീട്ടില്‍ വെച്ചോ ശല്യപ്പെടുത്താന്‍ തുനിഞ്ഞില്ലെന്നും ഗാലിബ് വ്യക്തമാക്കി.

ജെയ്ഷെ മുഹമ്മദ് നിയന്ത്രിക്കുന്ന അഫ്സല്‍ ഗുരുവിന്റെ പേരിലുള്ള ചാവേര്‍സംഘമായ അഫ്സല്‍ ഗുരു സൂയിസൈഡ് സ്‌ക്വാഡില്‍ അംഗമായിരുന്ന ആദില്‍ അഹമ്മദ് ധര്‍ നടത്തിയ ചാവേറാക്രമണത്തിലാണ് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ മരിച്ചിരുന്നു. ഇതേ സാഹചര്യത്തിലാണ് അഫ്‌സല്‍ ഗുരുവിന്റെ മകന്‍ തീവ്രവാദത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version