ദളിത് -ആദിവാസി സംഘടനകളുടെ സംയുക്ത ഭാരത് ബന്ദ് ഇന്ന്

ആദിവാസികള്‍ക്കുള്ള വനാവകാശം സംരക്ഷിക്കുക, യുജിസി ഫാക്കലിറ്റി തസ്തികകളില്‍ സംവരണം നല്‍കുക എന്നിങ്ങനെയുള്ള രണ്ട് ഓര്‍ഡിനന്‍സുകള്‍ പ്രഖ്യാപിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു

ന്യൂഡല്‍ഹി: വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത പത്ത് ലക്ഷം ആദിവാദി കുടുംബങ്ങളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച്, ഇന്ന് രാജ്യത്ത് ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത ഭാരത് ബന്ദ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഭാരത് ബന്ദ്.

ആദിവാസികള്‍ക്കുള്ള വനാവകാശം സംരക്ഷിക്കുക, യുജിസി ഫാക്കലിറ്റി തസ്തികകളില്‍ സംവരണം നല്‍കുക എന്നിങ്ങനെയുള്ള രണ്ട് ഓര്‍ഡിനന്‍സുകള്‍ പ്രഖ്യാപിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞമാസം 13ന് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത പത്ത് ലക്ഷം ആദിവാസി കുടുംബങ്ങളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നു.

വനഭൂമിയില്‍ നിന്ന് ആദിവാസി കുടുംബാംഗങ്ങളെ ഒഴിപ്പിക്കണമെന്ന് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ അപേക്ഷ നല്‍കി. ഇത് പരിഗണിച്ച് ഫെബ്രുവരി 28 ന് ഈ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അതോടൊപ്പം വനാവകാശ നിയമപ്രകാരം എന്തുകൊണ്ടാണ് ഇത്രയും ആദിവാസികളുടെ അപേക്ഷ നിരസിക്കപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

സ്റ്റേ എപ്പോള്‍ വേണമെങ്കിലും മാറാമെന്ന സാഹചര്യമാണ് നിലവിലുള്ളത് അതിലാണ് ദളിത്-ആദിവാസി സംഘടനകള്‍ ഇന്ന് ഭാരത് ബന്ദ് നടത്തുന്നത്.

Exit mobile version