ഭാരത ബന്ദിൽ രാജ്യതലസ്ഥാനം സ്തംഭിച്ചു; ഡൽഹി അതിർത്തിയിൽ കിലോമീറ്റർ നീളത്തിൽ ഗതാഗത കുരുക്ക്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ പങ്കെടുക്കുന്ന ഭാരത് ബന്ദിൽ നിശ്ചലമായി രാജ്യതലസ്ഥാനം. കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒന്നര കിലോമീറ്ററിൽ അധികം ദൂരമാണ് ഡൽഹി ഗുരുഗ്രാം അതിർത്തിയിലെ ഗതാഗത തടസമെന്ന് റിപ്പോർട്ട്. ദേശീയപാതയിലെ വൻ ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ഗുരുഗ്രാമിൽനിന്ന് ഡൽഹിയിൽ പ്രവേശിപ്പിക്കാൻ ഒരുങ്ങിയ വാഹനങ്ങളാണ് കുരുക്കിൽ അകപ്പെട്ടത്. കർഷക ബന്ദിന്റെ ഭാഗമായി ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും കർശന സുരക്ഷ നിരീക്ഷണം ഡൽഹി പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് കർഷക പ്രക്ഷോഭം. കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പാസാക്കിയിട്ട് സെപ്റ്റംബർ 17ന് ഒരു വർഷം തികയും. ഇതേതുടർന്നാണ് തിങ്കളാഴ്ച ഭാരത് ബന്ദ് ആചരിക്കുന്നത്.

40ഓളം കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. കൂടാതെ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, ബഹുജൻ സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, തെലുങ്ക്‌ദേശം പാർട്ടി തുടങ്ങിയവ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിരുന്നു.

ഭാരത് ബന്ദിന്റെ ഭാഗമായി ഉത്തർപ്രദേശിൽനിന്ന് ഗാസിപൂരിലേക്കുള്ള ഗതാഗതം പൂർണമായി അടച്ചിരുന്നു. ഹരിയാന കുരുക്ഷേത്രയിലെ ഷാഹാബാദിൽവെച്ച് ഡൽഹിഅമൃത്‌സർ ദേശീയപാതയിലെ ഗതാഗതവും പോലീസ് അടച്ചിരുന്നു. പഞ്ചാബ് ഹരിയാന അതിർത്തിയിലെ ശംഭു അതിർത്തിയിൽ വൈകിട്ട് നാലുമണിവരെ വാഹനങ്ങൾ കടത്തിവിടില്ലെന്ന് കർഷകരും വ്യക്തമാക്കി.

Exit mobile version