നിലവില്‍ പാകിസ്താനുമായി ഒരു തലത്തിലും ചര്‍ച്ചയില്ല; അതിര്‍ത്തിയിലെ നടപടികളുമായി മുന്‍പോട്ട് തന്നെ! നിലപാട് വ്യക്തമാക്കി ഇന്ത്യ

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് തന്നെയാണ് ഇന്ത്യ സ്വീകരിക്കുന്നത്.

ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ തിരിച്ചെത്തിയതിനു പിന്നാലെ പാകിസ്താനുമായി ഒരു തലത്തിലും ചര്‍ച്ചയില്ലെന്ന നിലപാട് വ്യക്തമാക്കി ഇന്ത്യ. തീവ്രവാദത്തിന് എതിരെ നടപടിയെടുക്കും വരെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് ഇന്ത്യ അറിയിച്ചത്.

ചര്‍ച്ച ചെയ്യാമെന്നുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദേശമാണ് ഇന്ത്യ തള്ളിയത്. അതുവരെ അതിര്‍ത്തിയിലെ നടപടികളുമായി മുന്‍പോട്ട് പോകുമെന്നും ഇന്ത്യ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഇമ്രാന്‍ ഖാന്‍ സംസാരിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ മോചിപ്പിക്കാതെ ചര്‍ച്ച വേണ്ട എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.

ഇതെല്ലാം പാകിസ്താനെ പെട്ടെന്ന് നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് നിഗമനം. എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് തന്നെയാണ് ഇന്ത്യ സ്വീകരിക്കുന്നത്. പുല്‍വാമ ആക്രമണത്തിന് ശേഷം തുടങ്ങിയ സംഘര്‍ഷങ്ങള്‍ കാശ്മീര്‍ താഴ്‌വരയില്‍ അവസാനിക്കാതെ തുടരുകയാണ്. നിയന്ത്രണരേഖയില്‍ പലയിടത്തും ലംഘിച്ച് കൊണ്ട് പാകിസ്താന്‍ ആകമണം നടത്തുകയാണ്. പൂഞ്ചിലെ ഷെല്‍ ആക്രമണത്തില്‍ അമ്മയും മക്കളും ഉള്‍പ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചിരുന്നു.

Exit mobile version