താമരയുടെ ‘തണ്ട് ഒടിച്ച്’ കൈപ്പത്തിയുടെ മുന്നേറ്റം! മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 26 ല്‍ 24 സീറ്റും സ്വന്തമാക്കി കോണ്‍ഗ്രസ്

ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ റാവുസാഹേബ് ധാന്‍വേ പ്രതിനീധീകരിക്കുന്ന ജല്‍ന ലോക്‌സഭ മണ്ഡലത്തില്‍പ്പെടുന്നതാണ് സില്ലോഡ്.

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസിന്റെ മുന്നേറ്റം. 26 ല്‍ 24 സീറ്റുകളും തൂത്തുവാരിയാണ് കോണ്‍ഗ്രസ് മണ്ഡലം ഉറപ്പിച്ചത്. ബിജെപിയ്ക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്.

10000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുനിസിപ്പല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ രാജര്‍ഷി നിഖം വിജയിച്ചത്. രാജര്‍ഷിയുടെ ഭൂരിപക്ഷത്തിലും താഴെ വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ് സില്ലോഡിലെ വിജയം.

ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ റാവുസാഹേബ് ധാന്‍വേ പ്രതിനീധീകരിക്കുന്ന ജല്‍ന ലോക്‌സഭ മണ്ഡലത്തില്‍പ്പെടുന്നതാണ് സില്ലോഡ്. തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കുന്നെന്നും ബിജെപിയുടെ ഭരണനേട്ടം വോട്ടര്‍മാര്‍ക്കിടയില്‍ എത്തിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും ബിജെപി വക്താവ് ഷിരിഷ് ബൊറാല്‍ക്കര്‍ പ്രതികരിച്ചു.

അതേസമയം സില്ലോഡിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സ്ഥലം എംഎല്‍എയായ ശിവസേന നേതാവ് അര്‍ജുന്‍ കോട്ക്കര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Exit mobile version