പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന നിരസിച്ചു; കാല്‍നടയാത്രക്കാരെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവിന്റെ പ്രതികാരം

നാഗ്പൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് 19 കാരന്‍ പ്രതികാരം ചെയ്തത് കാല്‍നടയാത്രക്കാരോട്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം.

ഹൃത്വിക് സോമേഷ് വിലാസ് പറട്ടെന്ന യുവാവ് അഞ്ച് കാല്‍നടയാത്രക്കാരെ കുത്തി പരിക്കേല്‍പ്പിച്ചാണ് ദേഷ്യം തീര്‍ത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രാജു നന്ദവര്‍, ജിതേന്ദ്ര മോഹദിഖര്‍, രമേഷ് നിഗര, പ്രതീഷ് കപ്രെ, ശെഖാവത്ത് അന്‍സാരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഹൃത്വിക്കും പെണ്‍കുട്ടിയും തമ്മില്‍ കോളെജില്‍ വെച്ച് പ്രണയത്തിലായിരുന്നു. പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം പെണ്‍കുട്ടി പഠനം നിര്‍ത്തി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതോടെ ഇവര്‍ തമ്മില്‍ അകന്നു. കഴിഞ്ഞ ദിവസം ഹൃത്വിക് പെണ്‍കുട്ടിയെ കണ്ട് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും നിരസിച്ചതോടെ ഇയാള്‍ പ്രകോപിതനാകുകയായിരുന്നു.

ഇതില്‍ കുപിതനായ യുവാവ് കാല്‍നടയാത്രക്കാരായ അഞ്ചു പേരെ കുത്തി. പരിക്കേറ്റവരെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനു മുമ്പും വിവാഹഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ അക്രമിച്ച കേസില്‍ ഹൃത്വിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Exit mobile version